കാലിഫോർണിയയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ഒളിവിലായിരുന്ന ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. മുപ്പത് വയസ്സുളള ചംകൗർ സിങ് ആണ് യൂട്ടായിൽ അറസ്റ്റിലായത്. മാർച്ച് 29-ന് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. വേഗനിയന്ത്രണമുള്ള പാതയിലൂടെ ട്രക്ക് ഓടിച്ചെത്തിയ സിങ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ സെപ്റ്റംബർ 1-ന് മോവാബിൽ വെച്ച് അമിതവേഗത്തിന് പോലീസ് തടഞ്ഞുവെച്ചപ്പോഴാണ് കൊലപാതകക്കുറ്റം ചുമത്തിയുള്ള രാജ്യവ്യാപക വാറൻ്റ് നിലവിലുണ്ടെന്ന് വ്യക്തമായത്. തുടർന്ന് ഗ്രാൻ്റ് കൗണ്ടി ജയിലിലടച്ച ഇയാൾക്കെതിരെ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ.) കേസ് രജിസ്റ്റർ ചെയ്തു.
2020 ഡിസംബറിൽ ഇന്ത്യയിൽ നിന്ന് തിരിച്ച് വിവിധ രാജ്യങ്ങൾ കടന്ന് 2021 ഓഗസ്റ്റിൽ അരിസോന വഴിയാണ് ചംകൗർ സിങ് യു.എസിൽ അനധികൃതമായി പ്രവേശിച്ചത്. അതിർത്തി സംരക്ഷണ സേന അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഇയാളെ ഒഴിവാക്കി വിടുകയായിരുന്നു. തുടർന്ന് നാടുകടത്തൽ ഉത്തരവ് നിലനിൽക്കെ തന്നെ 2025 മേയ് 10-ന് കാലിഫോർണിയ ഭരണകൂടം ഇയാൾക്ക് കമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ് (സി.ഡി.എൽ.) അനുവദിച്ചു. നിരോധിത രീതിയിലുള്ള വരിമാറ്റം, സുരക്ഷിതമല്ലാത്ത അകലം പാലിക്കൽ, അമിതവേഗത തുടങ്ങിയ മൂന്ന് ഗതാഗത ലംഘനങ്ങൾ ഡ്രൈവിംഗ് റെക്കോർഡിൽ ഉണ്ടായിട്ടും ഇയാളുടെ ലൈസൻസ് റദ്ദാക്കിയിരുന്നില്ല.
അനധികൃത കുടിയേറ്റക്കാരനായ ഇയാൾക്ക് ലൈസൻസ് നൽകിയതിനെയും തുടർന്ന് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയതിനെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ബൈഡൻ ഭരണകൂടത്തിന്റെയും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിന്റെയും സങ്ക്ചുവറി നയങ്ങളാണ് ഇത്തരം ഗുരുതര വീഴ്ചകൾക്ക് കാരണമെന്ന് മുള്ളിൻ ആരോപിച്ചു. സിങ് നിലവിൽ കാലിഫോർണിയ വാറൻ്റുമായി ബന്ധപ്പെട്ട് യൂട്ടായിൽ കസ്റ്റഡിയിൽ തുടരുകയാണ്.







