യുഎസ്-കാനഡ വ്യാപാര യുദ്ധം രൂക്ഷമാകുന്നു. കാനഡയുടെ പ്രതികാര തീരുവയ്ക്ക് മറുപടിയായി വിവിധ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവയും നിരോധനവും നടപ്പിലാക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. അമേരിക്കൻ കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്നും അധികൃതർ വ്യക്തമാക്കി. ഗോൾഫ് കാർട്ടുകൾ, പോണി ഫർ (Pony Fur), മുളകൊണ്ടുള്ള ഫർണിച്ചർ, മെസ്കാൽ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങളാണ് പുതിയ തീരുവ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാനഡയുടെ ദേശീയ കായിക വിനോദമായ ഐസ് ഹോക്കി സ്റ്റിക്കുകൾക്കും തീരുവ ചുമത്തിയിട്ടുണ്ട്.
അതേസമയം പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല ഉൽപ്പന്നങ്ങളും അമേരിക്ക സാധാരണയായി കൂടുതൽ ഇറക്കുമതി ചെയ്യുന്നവയല്ല. കാനഡയിൽ നിന്നുള്ള ചില പാലുൽപ്പന്നങ്ങൾ, മോട്ടോർസൈക്കിളുകൾ, മദ്യങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് സെപ്റ്റംബർ 29 മുതൽ അമേരിക്ക പൂർണമായി നിരോധിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ അമേരിക്കയിലെ വലിയ സർക്കാർ കരാറുകളിൽ നിന്ന് കനേഡിയൻ ഉൽപ്പന്നങ്ങളെ ഒഴിവാക്കാനും ട്രംപ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.







