കാൽഗറിയിൽ വീട്ടമ്മയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വംശജർ അറസ്റ്റിലായി. കാൽഗറി സ്കൈവ്യൂവിൽ മാർച്ച് 25-നാണ് സംഭവം. പണം നൽകണമെന്ന് വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയയ്ക്കുകയും തുടർന്ന് ഇരയായ വീട്ടമ്മയുടെ വീടിന് നേരെ വെടിവെപ്പ് നടക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭീഷണിപ്പെടുത്തിയ ക്രിമിനൽ സംഘത്തിന് വീട്ടമ്മയുടെ വിവരങ്ങൾ ചോർത്തി നൽകിയ ഇവരുടെ ജീവനക്കാരി ഇന്ത്യൻ വംശജയായ കനുരീത് കൗർ (23) ആണെന്ന് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് കനുരീത് കൗറിനെയും, 17 വയസ്സുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മൂന്നാമനായ തൻവീർ സിങിനായി (21) പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വെടിവെപ്പിനായി മോഷ്ടിച്ച വാഹനം ഉപയോഗിച്ചു എന്നതാണ് തൻവീറിനെതിരെയുള്ള കുറ്റം. കനുരീതിനെയും പ്രായപൂർത്തിയാകാത്ത യുവാവിനെയും നിലവിൽ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. കനുരീത് ഒക്ടോബർ 6-ന് കോടതിയിൽ ഹാജരാകണം.
ടെംപററി വീസയിൽ കാനഡയിലെത്തുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവാക്കളെ വലയിലാക്കി കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘം ആൽബർട്ടയിൽ സജീവമാകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വംശജരായ യുവതീയുവാക്കളാണ് പ്രധാനമായും ഈ സംഘത്തിന്‍റെ ഭാഗമാകുന്നത്.







