കാനഡ-യുഎസ് വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ പുതിയ നീക്കവുമായി പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കാനഡയില്‍ നിന്നുള്ള മദ്യം, മോട്ടോര്‍സൈക്കിളുകള്‍, ചില പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കാന്‍ ട്രംപ് ഉത്തരവിട്ടു. സെപ്റ്റംബര്‍ 29 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. വേ പ്രോട്ടീന്‍, മൊളാസസ്, വിവിധ മദ്യ ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയവയാണ് നിരോധനത്തിന്റെ പരിധിയില്‍ വരുന്നത്. അതേസമയം ചില ചീസ് ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍, അലുമിനിയം, മരം, ഫര്‍ണിച്ചര്‍, ലൈറ്റിങ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ കനേഡിയന്‍ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ചുമത്താനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ മദ്യത്തിന്റെ വില്‍പ്പന ചില കനേഡിയന്‍ പ്രവിശ്യകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കടകളില്‍ നിരോധിച്ചതാണ് പുതിയ ഇറക്കുമതി വിലക്കിന് പ്രധാന കാരണമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.
കഴിഞ്ഞ മാസം കാനഡയില്‍ നിന്നുള്ള ഏകദേശം 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ പ്രതികാര തീരുവ പ്രഖ്യാപിക്കുകയും ചൊവ്വാഴ്ച അത് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നടപടികള്‍. അതേസമയം, പ്രധാന വ്യാപാര പങ്കാളിയായ അമേരിക്കയുമായുള്ള ആശ്രിതത്വം കുറയ്ക്കാനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനുമാണ് കാനഡയുടെ നീക്കം. ഇരുരാജ്യങ്ങളും പരസ്പരം തീരുവയും ഇറക്കുമതി നിയന്ത്രണങ്ങളും ശക്തമാക്കുന്നതോടെ വടക്കേ അമേരിക്കയിലെ വ്യാപാരബന്ധങ്ങളെയും യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും വര്‍ധിക്കുകയാണ്.







