പ്രവിശ്യയിൽ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് കനത്ത തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അപേക്ഷാ നടപടികൾ ലളിതമാക്കി ആൽബർട്ട സർക്കാർ. ഇതിന്റെ ഭാഗമായി പൗരത്വ തെളിവിനായി ഒരു വർഷം മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോർട്ടുകളും സ്വീകരിക്കുമെന്ന് സർവീസ് ആൽബർട്ട ആൻഡ് റെഡ് ടേപ്പ് റിഡക്ഷൻ മന്ത്രി ഡെയ്ൽ നാലി അറിയിച്ചു. കൂടാതെ ഇമിഗ്രേഷൻ വകുപ്പ് അംഗീകരിച്ചിട്ടുള്ള എല്ലാത്തരം പൗരത്വ സർട്ടിഫിക്കറ്റുകളും ഇനി മുതൽ പൗരത്വ തെളിവിനായി അപേക്ഷയ്ക്ക് ഒപ്പം സമർപ്പിക്കാം.
കഴിഞ്ഞ ജൂലൈ മുതലാണ് പൗരത്വ വിവരങ്ങളും ഹെൽത്ത് കെയർ നമ്പറും അടങ്ങിയ പുതിയ ലൈസൻസുകളും തിരിച്ചറിയൽ കാർഡുകളും ആൽബർട്ട വിതരണം ചെയ്തു തുടങ്ങിയത്. പുതിയ കാർഡുകൾക്കായി ജനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂലൈയിൽ 33 ശതമാനവും ഓഗസ്റ്റിൽ 23 ശതമാനവും അപേക്ഷകരുടെ വർധനയുണ്ടായി. കടലാസ് രൂപത്തിലുള്ള പഴയ ഹെൽത്ത് കാർഡുകൾ ഒഴിവാക്കി പുതിയ കാർഡിലേക്ക് മാറാൻ ആളുകൾ താല്പര്യം കാണിച്ചതാണ് ഈ കടുത്ത തിരക്കിന് കാരണം.
എന്നാൽ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി സർക്കാരി ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷമായ എൻഡിപി രംഗത്തെത്തി. ലൈസൻസ് പുതുക്കലിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കാതെ നിരവധി ആളുകൾ ബുദ്ധിമുട്ടിയതിനെ തുടർന്നാണ് സർക്കാരിന് അപേക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തേണ്ടി വന്നത്. പുതിയ മാറ്റങ്ങൾ വഴി ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലൈസൻസുകൾ പുതുക്കി നൽകാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.







