ജോലിയുടെ ഭാഗമായി റഷ്യയിലെത്തിയ കാൺപൂർ സ്വദേശിയായ എഞ്ചിനീയർ ചന്ദൻ ഗുപ്തയെ മോസ്കോ പൊലീസ് കസ്റ്റഡിയിലെടുക്കുകയും റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ചന്ദൻ ഗുപ്ത ആരോപിച്ചു. പത്ത് വയസ്സുള്ള മകനൊപ്പം റഷ്യയിൽ കുടുങ്ങിപ്പോയെന്നും കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അവർ സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ സഹായം തേടിയിട്ടുണ്ട്.
ഈ സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി ഇടപെടൽ നടത്തിയിട്ടുണ്ട്. യുവതിയുമായും അവിടുത്തെ പ്രാദേശിക ഭരണകൂടങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ അന്വേഷണങ്ങൾ ആരംഭിച്ചതായും എംബസി അധികൃതർ വ്യക്തമാക്കി.
യുക്രെയ്നെതിരായ റഷ്യൻ യുദ്ധത്തിൽ ഇതുവരെ 26 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2025 ഡിസംബർ വരെയുള്ള വിവരങ്ങൾ പ്രകാരം 202 ഇന്ത്യക്കാരെ റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 139 പേരെ നയതന്ത്ര തലത്തിലുള്ള ഇടപെടലുകളിലൂടെ ഇതിനോടകം തിരികെ നാട്ടിലെത്തിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.







