ഹവായിയില്‍ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. ലൊവല്‍ ചുഴലിക്കാറ്റ് കാവായ്, നിഹാവു ദ്വീപുകള്‍ക്ക് സമീപത്തുകൂടി കടന്നുപോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ താമസക്കാരോടും സന്ദര്‍ശകരോടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. തിങ്കളാഴ്ച വൈകുന്നേരം വരെ കാറ്റഗറി രണ്ട് ചുഴലിക്കാറ്റായി ദുര്‍ബലമായ ലൊവല്‍, തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ഹവായിയിലെ പ്രധാന ദ്വീപുകളുടെ പടിഞ്ഞാറന്‍ ഭാഗത്തിന് സമീപത്തുകൂടി നീങ്ങുമെന്നാണ് പ്രവചനം.
ചുഴലിക്കാറ്റിന്റെ പാത കിഴക്കോട്ട് മാറിയതോടെ കാവായ് ഉള്‍പ്പെടുന്ന കാവായ് കൗണ്ടിയില്‍ ശക്തമായ മഴയ്ക്കും പ്രളയത്തിനുമുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. കാവായ്, നിഹാവു ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൊനലുലു ഉള്‍പ്പെടുന്ന ഓഹുവില്‍ ട്രോപ്പിക്കല്‍ സ്റ്റോം മുന്നറിയിപ്പും നിലവിലുണ്ട്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ചൊവ്വാഴ്ച രാവിലെ വരെയാണ് ഏറ്റവും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നത്.
കാവായ്, നിഹാവു, ഓഹു ദ്വീപുകളുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലെ തീരങ്ങളില്‍ അതിശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ഹവായ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. കാവായ്, നിഹാവു മേഖലകളില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മുതല്‍ രാത്രിവരെ ചിലയിടങ്ങളില്‍ ചുഴലിക്കാറ്റിനൊപ്പം ടൊര്‍ണാഡോകള്‍ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഒഴിപ്പിക്കലിന് തയ്യാറായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.







