വെർജീനിയയിലെ പ്രൈമറി സ്കൂളില്‍ തോക്കുധാരിയുടെ ആക്രമണം. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമിയുടെ വെടിയേറ്റ് സ്കൂൾ ജീവനക്കാരന് പരുക്കേറ്റു. തുടര്‍ന്ന് അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ലറ്റ്സ്വില്ലില്‍ നിന്ന് 30 മൈല്‍ അകലെയുള്ള വെയ്ന്‍സ്ബോറോയിലെ വെസ്റ്റ്വുഡ് ഹില്‍സ് എലിമെന്ററി സ്കൂളിലാണ് സംഭവം.
19 വയസ്സുള്ള ആന്തണി ഇഗ്നേഷ്യാഡിസ് ഇസബെല്ലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒന്‍പതോടെ സ്കൂള്‍ പരിസരത്ത് സംശയാസ്പദമായ ഒരാളെ കണ്ടതായി ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ലൈബ്രറിയിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ലൈബ്രറിയില്‍ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല. സ്കൂള്‍ ജീവനക്കാരന് അക്രമിയുടെ വെടിയേറ്റ് നിസാര പരുക്കേറ്റു. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.







