ലിബറൽ എം.പി സൽമ സഹിദിന്‍റെ സ്കാർബറോയിലെ വസതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ ടൊറൻ്റോ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം മനഃപൂർവമുള്ള തീവയ്പ്പ് (suspected arson) ആണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ടൊറൻ്റോ മേയർ ഒലിവിയ ചൗ തുടങ്ങിയവർ അപലപിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ബെല്ലമി റോഡ് നോർത്തിനും ലോറൻസ് അവന്യൂ ഈസ്റ്റിനും സമീപമാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ടൊറൻ്റോ പോലീസും ഫയർ സർവീസും സ്ഥലത്തെത്തി തീയണച്ചു. മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തന്‍റെ കാറിനും മറ്റൊരു വാഹനത്തിനും തീയിട്ടതായി സ്കാർബറോ സെന്റർ—ഡോൺ വാലി ഈസ്റ്റ് റൈഡിങിനെ പ്രതിനിധീകരിക്കുന്ന സൽമ സഹിദ് അറിയിച്ചു. തീ കണ്ട മകനും അയൽവാസികളും 911-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും പൂർണമായി നശിച്ചെങ്കിലും വീടിന് കേടുപാടുകളില്ലെന്നും കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്നും സഹിദ് വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. നിലവിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയുമാണ്. അന്വേഷണം പുരോഗമിക്കുന്നു.







