ബെംഗളൂരു: രണ്ടാമതും പെൺകുട്ടി ജനിച്ചതിലുള്ള ആഗ്രഹഭംഗത്തെ തുടർന്ന് 13 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ പിതാവ് കുടിവെള്ള ടാങ്കിലെറിഞ്ഞു കൊലപ്പെടുത്തി. കർണാടകയിലെ ചിക്കബെല്ലാപ്പുരയിലാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. ഇമ്രാൻ എന്നയാളാണ് സ്വന്തം കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്. ഇമ്രാൻ-മസ്കീൻ ദമ്പതികളുടെ മൂത്ത കുട്ടിയും പെണ്ണായിരുന്നു. രണ്ടാമത് ആൺകുഞ്ഞായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇമ്രാൻ. എന്നാൽ വീണ്ടും പെൺകുഞ്ഞ് ജനിച്ചതോടെ ഇയാൾ കുഞ്ഞിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുകാർ ഉറങ്ങുന്ന സമയം നോക്കി ഇയാൾ കുഞ്ഞിനെയെടുത്ത് വീടിന് പുറത്തെ ഭൂഗർഭ ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നു.
രാവിലെ ഉണർന്നപ്പോൾ കുഞ്ഞിനെ കാണാതെ ഭാര്യയും ബന്ധുക്കളും തിരച്ചിൽ തുടങ്ങിയെങ്കിലും തനിക്കൊന്നും അറിയില്ലെന്ന ഭാവത്തിലാണ് ഇമ്രാൻ നിന്നത്. ഒടുവിൽ സംശയം തോന്നി ടാങ്കിലെ വെള്ളം വറ്റിച്ച് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മാതാവ് മസ്കീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസെത്തി ഇമ്രാനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.






