രാജ്യത്തെ അർഹരായ ഭിന്നശേഷിക്കാർക്ക് ആശ്വാസമായി കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് ജൂലൈ 16 വ്യാഴാഴ്ച മുതൽ അകൗണ്ടിലെത്തുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. പണപ്പെരുപ്പത്തെത്തുടർന്ന് 2.1% വർധിപ്പിച്ചതോടെ പ്രതിമാസം 204.20 ഡോളറായിരിക്കും ഇനി കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് ആയി ലഭിക്കുക. കൂടാതെ, ഡിടിസി സർട്ടിഫിക്കറ്റ് ചെലവുകൾക്കായി സെപ്റ്റംബർ 17-ന് 150 ഡോളർ പ്രത്യേക സഹായധനവും ലഭിക്കും. ഇതിനായി നിലവിലെ ഗുണഭോക്താക്കൾ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. പുതിയ അപേക്ഷകർക്ക് സർവീസ് കാനഡ വഴി അപേക്ഷിക്കാം.
വാർഷികാടിസ്ഥാനത്തിൽ കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് 2,400 ഡോളറിൽ നിന്ന് 2,450.40 ഡോളറായി വർധിക്കും. 18-നും 64-നും ഇടയിൽ പ്രായമുള്ള, നിബന്ധനകൾക്ക് വിധേയരായ ആറു ലക്ഷത്തിലധികം കനേഡിയൻ പൗരന്മാർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 2025-ലെ ആദായനികുതി രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ ഈ തുക കണക്കാക്കുന്നത്. അതിനാൽ, വരുമാനത്തിൽ മാറ്റമുണ്ടായ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന തുകയിലും ചെറിയ വ്യത്യാസങ്ങൾ വരാൻ സാധ്യതയുണ്ട്.







