അഭിമുഖത്തിന് വൈകിയെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന കഥകൾ പതിവാണ് എന്നാൽ അഭിമുഖം നടത്തേണ്ട സിഇഒ തന്നെ മണിക്കൂറുകളോളം വൈകിയാലോ? അത്തരത്തിൽ ഒരു മണിക്കൂറിലധികം വൈകിയെത്തിയ സിഇഒയുടെ അഭിമുഖം പൂർത്തിയാക്കിയ ശേഷം ആ ജോലി നിരസിച്ച ഒരു ഉദ്യോഗാർഥിയുടെ അനുഭവം ഇപ്പോൾ കോർപറേറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. മോഹൻ എന്നയാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഈ കുറിപ്പ് കോർപറേറ്റ് തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള പുതിയ സംവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
‘ജോലി നിരസിക്കാനുള്ള കാരണം’ എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന ഇമെയിൽ സ്ക്രീൻഷോട്ടിലാണ് ഈ സംഭവമുള്ളത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിശ്ചയിച്ച അഭിമുഖത്തിനായി അരമണിക്കൂർ മുൻപ് തന്നെ ഉദ്യോഗാർഥി എത്തിയിരുന്നുവെങ്കിലും, ഒരു മണിക്കൂറിലധികം വൈകി 3:10നാണ് സിഇഒ എത്തിയത്. എന്നാൽ വൈകിയതിന് മാപ്പ് പറയുകയോ കൃത്യമായ കാരണം വ്യക്തമാക്കുകയോ ചെയ്യാതെ സിഇഒ അഭിമുഖം നടത്തുകയാണ് ചെയ്തത്. ഇന്റർവ്യൂ തുടങ്ങിയ ഉടനെ തന്നെ ഈ ജോലി സ്വീകരിക്കുന്നില്ലെന്ന് ഉദ്യോഗാർഥി തീരുമാനിച്ചിരുന്നു. മറ്റുള്ളവരുടെ സമയത്തെ മാനിക്കാത്ത ഇത്തരം കമ്പനികളിൽ ജോലിക്ക് ചേർന്നാൽ ഭാവിയിൽ അവസ്ഥ എന്താകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ എന്നും ഈ സംസ്കാരമുള്ള കമ്പനികളിൽ ജോലി ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നുമാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
അതേസമയം, ഈ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. ഉദ്യോഗാർഥിയുടെ സമയം വിലമതിക്കേണ്ടതാണെന്നും അഭിമുഖം വൈകിയാൽ മുൻകൂട്ടി അറിയിക്കാനുള്ള സുതാര്യത കമ്പനികൾ കാണിക്കണമെന്നും പറഞ്ഞ് ഉദ്യോഗാർഥിയെ അനുകൂലിക്കുന്നവരുണ്ട്. എന്നാൽ സിഇഒമാരെപ്പോലെയുള്ള ഉയർന്ന പദവികളിൽ ഇരിക്കുന്നവർക്ക് അടിയന്തര തിരക്കുകൾ ഉണ്ടാകാമെന്നും അത് മനസ്സിലാക്കി ഉദ്യോഗാർഥി കാത്തിരിക്കുകയല്ലേ വേണ്ടിയിരുന്നതെന്നുമാണ് മറുവിഭാഗം വാദിക്കുന്നത്.







