സ്പെയിനിൽ ബുധനാഴ്ച രാവിലെയുണ്ടായ അതിവേഗ ട്രെയിൻ അപകടത്തിൽ ആറ് കാനഡക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. അപകടത്തിൽ ഒരാളെ കാണാതായതായി ഗ്ലോബൽ അഫയേഴ്സ് കാനഡ വക്താവ് തിദ ഇത്ത് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9 മണിയോടെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. 68 പേർ മരിച്ചതായും, 58 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും സ്പാനിഷ് അധികൃതർ അറിയിച്ചു.
അപകടത്തിൽ ആറ് കാനഡക്കാർക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഒരാളെ ബുധനാഴ്ച വൈകുന്നേരം വരെ കണ്ടെത്താനായിട്ടില്ലെന്നും ഫെഡറൽ ഏജൻസി വക്താവ് റിപ്പോർട്ട് ചെയ്തു. കനേഡിയൻ പൗരന്മാർക്ക് ആവശ്യമായ കോൺസുലാർ സഹായങ്ങൾ നൽകിവരികയാണെന്നും, കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അവർ വ്യക്തമാക്കി.
തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് തെക്കുപടിഞ്ഞാറൻ സ്പെയിനിലെ സെവില്ലെയിലേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. സർക്കാർ ഉടമസ്ഥതയിലുള്ള RENFE കമ്പനിയുടെ ട്രെയിൻ, സ്വകാര്യ കമ്പനിയായ IRYO-യുടെ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. RENFE ട്രെയിനിൽ 397 യാത്രക്കാരും IRYO ട്രെയിനിൽ 147 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.







