newsroom@amcainnews.com

രാജ്യത്തെ ഒന്നിച്ച് നിർത്തും:പിയേർ പൊളിയേവ്

കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്രമാകണമെന്ന ആവശ്യവുമായി ആൽബർട്ട പ്രവിശ്യയിൽ റഫറണ്ടം നടക്കാനിരിക്കെ, രാജ്യത്തെ ഒന്നിച്ച് നിർത്താൻ ശക്തമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ്. തന്റെ ജന്മനാടായ ആൽബർട്ടയിലെ ജനങ്ങളോട് കാനഡയുടെ ഭാഗമായിത്തന്നെ തുടരാൻ താൻ നേരിട്ട് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് കൊളംബിയയിലെ നോർത്ത് വൻകൂവറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ താനൊരു ശക്തനായ കനേഡിയൻ ഫെഡറലിസ്റ്റ്  ആണെന്ന് പൊളിയേവ്  വ്യക്തമാക്കി.

ആൽബർട്ടയിലെ ജനങ്ങൾ കാനഡയുടെ ഭാഗമായിത്തന്നെ തുടരുന്നതിനായി താൻ പ്രവിശ്യയിലുടനീളം പ്രചാരണം നടത്തുമെന്നും രാജ്യം ഒരുമിച്ച് നിൽക്കണമെന്ന്‌ ആഗ്രഹിക്കുന്നതായും അതിനായി എല്ലാ ദിവസവും എല്ലാ രീതിയിലും ക്യാമ്പയിൻ ചെയ്യുമെന്നും പൊളിയേവ്‌ വ്യക്തമാക്കി.  കൺസർവേറ്റീവ് പാർട്ടിയിലെ മറ്റ് ജനപ്രതിനിധികളും രാജ്യത്തിന്റെ ഐക്യത്തിനായി രംഗത്തിറങ്ങുമെന്നും ആൽബർട്ടയിലെ കൺസർവേറ്റീവ് എംപിമാരിൽ ആരും തന്നെ വേർപിരിയലിനെ അനുകൂലിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രകൃതിവിഭവ മേഖലയിൽ ഫെഡറൽ സർക്കാർ കാണിക്കുന്ന അവഗണനയിൽ ആൽബർട്ടയിലെ ജനങ്ങൾക്ക് ന്യായമായ പ്രതിഷേധമുണ്ടെന്ന്‌  പൊളിയേവ്‌ പറഞ്ഞു. കാനഡയിൽ ആൽബർട്ടയ്ക്ക് അർഹമായ പരിഗണന ലഭിക്കണമെന്നും, എണ്ണ-വാതക മേഖലയുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന  ഇടപെടലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രി മാർക്ക് കാർണിയും ഡാനിയൽ സ്മിത്തും തമ്മിൽ കാർബൺ നികുതി വിഷയത്തിൽ ഉണ്ടാക്കിയ പുതിയ കരാറിനെയും പൊളിയേവ്‌ വിമർശിച്ചു.  ഈ കരാർ ആൽബർട്ടയുടെ പ്രശ്നങ്ങൾക്ക് പൂർണ്ണമായ പരിഹാരമല്ലെന്നും ലിബറൽ സർക്കാരിന്റെ കടുത്ത പരിസ്ഥിതി നിയമങ്ങൾ പൂർണ്ണമായി റദ്ദാക്കണമെന്നുമാണ് പോളിയേവിൻ്റെ നിലപാട്.

ആൽബർട്ടയെ സ്വതന്ത്ര രാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന വേർപിരിയൽ അനുകൂല സംഘടനകൾ, റഫറണ്ടം നടത്തുന്നതിന് ആവശ്യമായ ലക്ഷക്കണക്കിന് ഒപ്പുകൾ ശേഖരിച്ചതായി നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ച ആൽബർട്ട കോടതി ഈ ഹർജി പ്രവിശ്യാ നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്ന് വിധിച്ചിരുന്നു.  കൂടാതെ, മേഖലയിലെ തദ്ദേശീയ ജനവിഭാഗങ്ങളുമായി കൂടിയാലോചന നടത്താത്തതിൽ പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ സർക്കാരിനെ കോ‌ടതി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു. ആൽബർട്ടയ്ക്ക് കാനഡയ്ക്കുള്ളിൽ പരമാധികാരം വേണമെന്ന് വാദിക്കുന്ന പ്രീമിയർ ഡാനിയൽ സ്മിത്ത്, കോടതി വിധി ജനാധിപത്യ വിരുദ്ധമാണെന്നാണ് പ്രതികരിച്ചത്. വരും മാസങ്ങളിൽ റഫറണ്ടം നടത്താൻ വേർപിരിയൽ വാദികളിൽ നിന്ന് സ്മിത്തിന് മേൽ കടുത്ത സമ്മർദ്ദവും നിലനിൽക്കുന്നുണ്ട്‌.

You might also like

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

Top Picks for You
Top Picks for You