കോഴിക്കോട് നരിക്കുനിക്ക് അടുത്തുള്ള ഒരു സ്വകാര്യ വിദ്യാലയത്തിലെ ഏഴാം ക്ലാസുകാരനെ, അതേ വിദ്യാലയത്തിലെ ഒൻപതാം ക്ലാസുകാരൻ അതിക്രൂരമായി മർദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ അരക്കിണർ സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമേറ്റ കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. വിദ്യാലയത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഹോസ്റ്റലിൽ തങ്ങി പഠിക്കുന്ന വിദ്യാർത്ഥിക്ക് ഹോസ്റ്റലിലും മർദനമേറ്റിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ ആരംഭിച്ചു. എസ്ഐ അമൽരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്കൂളിലും ആശുപത്രിയിലും നേരിട്ടെത്തി പ്രാഥമിക അന്വേഷണം നടത്തി.








