മിസ്സിസാഗ: പുതുതായി നിലവിൽ വന്ന നേതൃത്വത്തിന് കീഴിൽ ഫൊക്കാന കാനഡ റീജന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലമായ തുടക്കം കുറിച്ചു. കാനഡയിലെ വിവിധ നഗരങ്ങളിൽ നിന്നും പ്രവിശ്യകളിൽ നിന്നുമുള്ള സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പതിനഞ്ചിലധികം മലയാളി അസോസിയേഷനുകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
ഫൊക്കാനയുടെ ദേശീയ ഭാരവാഹികളുടെ സാന്നിധ്യവും പരിപാടിയെ ശ്രദ്ധേയമാക്കി. പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവർക്ക് ചടങ്ങിൽ ആദരവ് നൽകി. കാനഡയിൽ ഫൊക്കാന സംഘടിപ്പിച്ച പരിപാടികളിൽ ഇത്രയധികം പേർ പങ്കെടുക്കുന്നത് ഇതാദ്യമാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. റീജനൽ വൈസ് പ്രസിഡന്റ് ഡോ. ലത മേനോന്റെ പ്രവർത്തനശൈലിയും നേതൃത്വപാടവവും പ്രശംസനീയമാണെന്നും അത് സംഘടനയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊക്കാന വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട്, മുൻ പ്രസിഡന്റ് ജോൺ പി. ജോൺ, ട്രസ്റ്റി ബോർഡ് അംഗം മനോജ് എടമന, നാഷണൽ കമ്മിറ്റി അംഗങ്ങളായ ബിജു ജോർജ്, ഷിബു ജോൺ, യൂത്ത് വിംഗ് പ്രതിനിധികളായ ജൂലി, അനിത എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ‘അഷർ ഹെൽത്ത്’ പ്രതിനിധി മുരളി പണിക്കരായിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. വനിതാ ഫോറം ഭാരവാഹികൾ പരിപാടിയുടെ ഏകോപനത്തിലും വിവിധ ഉത്തരവാദിത്തങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നു. സ്റ്റെഫെനി സ്റ്റീഫൻ, എലെന ജെയിംസ്, ആവണി സുരേന്ദ്രമോഹൻ എന്നിവർ വിവിധ കലാപരിപാടികൾ കാഴ്ചവച്ചു.
റീജനൽ വൈസ് പ്രസിഡന്റ് ഡോ. ലത മേനോനൊപ്പം ജനറൽ സെക്രട്ടറി ബിനോജ് ജോസഫ്, ട്രഷറർ നിഥിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി മുരളി പണിക്കർ, ജോയിന്റ് ട്രഷറർ ബോബി അലക്സ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ ഫോറം ചെയർ ബീന ജോൺ, സെക്രട്ടറി ബീനമോൾ അലക്സ്, ജോയിന്റ് സെക്രട്ടറി ഷമിത ഭരതൻ, കൾച്ചറൽ കോർഡിനേറ്റർ ദുർഗ നടരാജ്, ഇവന്റ് കോർഡിനേറ്റർ നിമ പോൾ, യൂത്ത് കോർഡിനേറ്റർ സ്റ്റെഫെനി സ്റ്റീഫൻ എന്നിവരും സംഘാടനത്തിൽ പ്രധാന പങ്കുവഹിച്ചു.








