ഷിക്കാഗോ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ ബ്രേക്ക് തകരാർ ഉണ്ടായതായും തുടർന്ന് ടയര്‍ പൊട്ടിയെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 41-ലെ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തതായി എഫ്എഎ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ബാഴ്സലോണയില്‍നിന്ന് എത്തിയ ബോയിങ് 787-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ വലതുവശത്തെ ബ്രേക്ക് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൈലറ്റുമാര്‍ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയും റണ്‍വേയില്‍ വിമാനം നിര്‍ത്തുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ വിമാനത്താവളത്തിലെ റണ്‍വേ പരിസരത്ത് സ്റ്റെയര്‍കേസുകള്‍ ഉപയോഗിച്ച് പുറത്തിറക്കി. പിന്നീട് ഇവരെ ടെര്‍മിനലിലേക്ക് മാറ്റി. വിമാനത്തില്‍ 234 യാത്രക്കാരും 11 ജീവനക്കാരുമുണ്ടായിരുന്നുവെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.







