പുതിയ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ചില കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തിൽ ട്രാമ്പുമായി ചൊവ്വാഴ്ച രാവിലെ ഫോണിൽ സംസാരിച്ചതായി കാർണി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിഷയങ്ങളിൽ അടുത്ത ആഴ്ചകളിൽ ചർച്ചകൾ കൂടുതൽ ശക്തമാക്കാൻ ധാരണയായതായും പ്രധാനമന്ത്രി പറയുന്നു.
വൈൻ, ഹോക്കി സ്റ്റിക്കുകൾ, സിമൻ്റ് ഉൾപ്പെടെയുള്ള ചില കനേഡിയൻ ഉൽപ്പന്നങ്ങൾക്കാണ് ഈ അധിക താരിഫ് ബാധകമാവുക. യുഎസ് മദ്യവിൽപ്പനയ്ക്കുള്ള പ്രവിശ്യാതല നിയന്ത്രണങ്ങൾ, പാൽ ഉൽപ്പന്നങ്ങളിലെ സപ്ലൈ മാനേജ്മെന്റ് സംവിധാനം, വാഹന ഇറക്കുമതിയുമായി ബന്ധപ്പെട്ട ക്വോട്ടകളും തീരുവകളുമാണ് അമേരിക്ക പുതിയ താരിഫിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒക്ടോബർ 19-നാണ് താരിഫ് നിലവിൽ വരിക.







