ബെന്റണ്‍വില്‍, (അർകെൻസ) : ബെന്റണ്വില്ലിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജനായ അശോക് സോമസുന്ദരവും ഇ-ബൈക്ക് യാത്രികനായ ജേക്കബ് സ്റ്റാലിയും മരിച്ചു. അശോകിനൊപ്പം കാറിലുണ്ടായിരുന്ന ഒന്‍പതുകാരിയായ മകള്‍ക്കും നാലുവയസ്സുകാരനായ മകനും പരുക്കേറ്റു. മകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
എസ്ഡബ്ല്യു 14-ാം സ്ട്രീറ്റും ടണ്‍ബ്രിഡ്ജ് ഡ്രൈവും ചേരുന്ന ഇന്റർസെക്ഷനിലാണ് അപകടം. 22 വയസ്സുള്ള യുവാവ് ഓടിച്ച വാഹനം അമിതവേഗത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടന്ന് അശോകിന്റെ കാറില്‍ നേരിട്ട് ഇടിക്കുവായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നൽകി. ഇടിയുടെ ആഘാതത്തില്‍ അശോകിന്റെ കാര്‍ സ്റ്റാലി സഞ്ചരിച്ചിരുന്ന ഇ-ബൈക്കില്‍ ഇടിച്ചു. സ്റ്റാലി സംഭവസ്ഥലത്തും അശോക് റോജേഴ്സിലെ മേഴ്സി ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയും മരിച്ചു.
അശോകിന്റെ ഭാര്യ സത്യ ഗോപാലിനെയും മക്കളെയും സഹായിക്കാന്‍ നോർത്ത് വെസ്റ്റ് അർകെൻസ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഗോഫണ്ട്മി വഴി ധനസമാഹരണം ആരംഭിച്ചു. മകളുടെ ചികിത്സയ്ക്കും അന്ത്യകര്‍മങ്ങള്‍ക്കും കുടുംബത്തിന്റെ ജീവിതച്ചെലവുകള്ക്കുമായാണ് ധനസമാഹരണം ആരംഭിച്ചത്.








