അമേരിക്കന്‍ പ്രതിരോധ വകുപ്പിലുണ്ടായ(പെന്‍റഗണ്‍) സൈബർ ആക്രമണത്തിൽ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം 30 ലക്ഷത്തിലധികം ആളുകളുടെ അതീവ രഹസ്യമായ വിവരങ്ങള്‍ പുറത്തായതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍, സൈനിക സിവിലിയന്‍ ജീവനക്കാര്‍ നിര്‍വഹിച്ചിരുന്ന ജോലികളുടെ വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ന്നത്. ജീവിച്ചിരിക്കുന്ന 27.6 ലക്ഷം പേരുടെയും മരണപ്പെട്ട 2.94 ലക്ഷം പേരുടെയും വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
2025 ഒക്ടോബര്‍ മുതല്‍ 2026 ജൂലൈ വരെയാണ് ഇത്തരത്തില്‍ ഡേറ്റാ ചോര്‍ച്ച ഉണ്ടായത്. മിലിറ്ററി ടൈംസ് ആണ് കഴിഞ്ഞ ആഴ്ച ആദ്യം ഡാറ്റാ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പുറത്തായ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബാധിക്കപ്പെട്ടേക്കാവുന്ന വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ സംരക്ഷണവും ക്രെഡിറ്റ് നിരീക്ഷണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും പ്രതിരോധ അധികൃതര്‍ അറിയിച്ചു.







