അലർജി സാധ്യതയെ തുടർന്ന് ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ലെഡ്ബെറ്റർ ഫുഡ്സ് നിർമ്മിക്കുന്ന സോബീസിന്റെ കോംപ്ലിമെൻ്റ്സ് ബ്രാൻഡായ സ്മാഷ്ഡ് 100% ചിക്കൻ ബർഗറുകളാണ് തിരിച്ചു വിളിച്ച ഉൽപ്പന്നം. കടുത്ത അലർജിയുണ്ടാക്കുന്ന മുട്ടയുടെ സാന്നിധ്യം പാക്കറ്റിന്റെ ലേബലിൽ രേഖപ്പെടുത്താത്തതിനെ തുടർന്നാണ് നടപടിയെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.
കനേഡിയൻ നിയമ പ്രകാരം പ്രീ-പാക്കേജ് ചെയ്ത ഭക്ഷണങ്ങളുടെ പാക്കറ്റിൽ അവയിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ കൃത്യമായി രേഖപ്പെടുത്തണം. എന്നാൽ 84 ഗ്രാം വീതം ഭാരമുള്ള എട്ട് ബർഗറുകൾ അടങ്ങിയ 680 ഗ്രാം കോംപ്ലിമെൻ്റ്സ് സ്മാഷ്ഡ് 100% ചിക്കൻ ബർഗേഴ്സ് പാക്കേജിൽ മുട്ട അടങ്ങിയിട്ടുണ്ടെന്ന വിവരം വ്യക്തമാക്കിയിട്ടില്ല. ബാധിച്ച ഉൽപ്പന്നം ഉപയോഗിക്കരുത്, വിൽക്കരുത്, വിളമ്പരുത്, വിതരണം ചെയ്യരുത്, CFIA നിർദ്ദേശിച്ചു.







