ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ, കാനഡ-അമേരിക്ക ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മാർക്ക് കാർണി വിവിധ മേഖലകളിലെ നിരവധി ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ പ്രതിസന്ധിയും ഇതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ആർബിസി, എൻബ്രിഡ്ജ്, ബൊംബാർഡിയെ, ബെൽ കാനഡ, സിഎൻ റെയിൽ, സൺകോർ, ന്യൂട്രിയൻ തുടങ്ങി 23 പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
വാഹന നിർമ്മാണ മേഖലയെയും മറ്റ് ഇറക്കുമതി ഉൽപ്പന്നങ്ങളെയും ലക്ഷ്യമിട്ട് യു എസ് പ്രഖ്യാപിച്ച പുതിയ താരിഫുകൾ കനേഡിയൻ വ്യവസായ മേഖലയിൽ കടുത്ത ആശങ്കയുയർത്തിയിട്ടുണ്ട്. അതേസമയം അടുത്ത ജി-20 ധനമന്ത്രിമാരുടെ ഉച്ചകോടിയിൽ കാനഡ-യുഎസ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. കാനഡ ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും തമ്മിൽ നടക്കാനിരിക്കുന്ന ഈ ചർച്ചയിൽ വ്യാപാര തർക്കങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.







