കാനഡയിൽ നിന്നുള്ള മദ്യത്തിന് യുഎസ് 50% ഇറക്കുമതി തീരുവ ചുമത്തിയതിന് തിരിച്ചടിയുമായി സസ്കാച്വാൻ. അമേരിക്കൻ മദ്യത്തിന് 50% നികുതി ചുമത്തുമെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ അറിയിച്ചു. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എണ്ണ, പൊട്ടാഷ് എന്നിവയ്ക്ക് കയറ്റുമതി തീരുവ ചുമത്തുന്നതിനെ സസ്കാച്വാൻ ശക്തമായി എതിർത്തു. ഇത് കാനഡയിൽ വൻ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നും ആഗോളതലത്തിൽ വളത്തിന്റെ വില വർധനയ്ക്ക് കാരണമാകുമെന്നും സ്കോട്ട് മോ വ്യക്തമാക്കി.
അതേസമയം അമേരിക്കൻ മദ്യം പൂർണ്ണമായി നിരോധിക്കില്ലെന്നും പ്രീമിയർ പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രവിശ്യയിൽ അമേരിക്കൻ മദ്യ വില്പനയിൽ ഇതിനകം 40 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ യുഎസ് മദ്യം പൂർണ്ണമായി പിൻവലിക്കാത്ത പ്രീമിയറുടെ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടിയായ എൻ.ഡി.പി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.







