കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന ടെസ്ല, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്കിന്റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ. ക്യുബെക്ക്, ആൽബർട്ട, സസ്കാച്വാൻ പ്രവിശ്യകൾ കാനഡയിൽ നിന്നും വേർപിരിയണമെന്ന് ഇലോൺ മസ്ക് സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളോടു പ്രതികരിക്കുകയായിരുന്നു സ്കോട്ട് മോ.
കാനഡയിൽ നിന്ന് സസ്കാച്വാൻ വേർപിരിയണമെന്ന ആശയത്തെ എതിർത്തിരുന്നെങ്കിലും, ആൽബർട്ടയിൽ ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന ഹിതപരിശോധനകളിൽ വേർപിരിയൽ സംബന്ധിച്ച വിഷയം ഉൾപ്പെടുത്താനുള്ള ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ അവകാശത്തെ സ്കോട്ട് മോ പിന്തുണച്ചിരുന്നു. കൂടാതെ ആൽബർട്ടയിലേതുപോലെ ഹിതപരിശോധന നടത്തുന്നതിനുമുള്ള നിയമവ്യവസ്ഥകൾ സസ്കാച്വാനിൽ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.







