അറ്റ്ലാൻ്റിക് ചുഴലിക്കാറ്റ് സീസൺ അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെ, മെക്സിക്കൻ ഉൾക്കടലിന്‍റെ തെക്കൻ മേഖലയിൽ രൂപപ്പെട്ട ഒമ്പതാമത്തെ ട്രോപ്പിക്കൽ ഡിപ്രഷൻ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത. മെക്സിക്കൻ തീരത്തിന് സമീപത്തെ ചൂടേറിയ സമുദ്രജലത്തിന് മുകളിലൂടെ നീങ്ങുന്ന ഈ ട്രോപ്പിക്കൽ ഡിപ്രഷൻ വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ട്രോപ്പിക്കൽ കൊടുങ്കാറ്റായി മാറിയാൽ ഇതിന് ‘ഇസൈയാസ്’ (Isaias) എന്ന പേര് നൽകും.
ചുഴലിക്കാറ്റിനെ തുടർന്ന് തെക്കുകിഴക്കൻ ലൂയിസിയാന മുതൽ ഫ്ലോറിഡ പാൻഹാൻഡിൽ വരെയുള്ള സെൻട്രൽ ഗൾഫ് തീരപ്രദേശങ്ങളിൽ മൂന്ന് മുതൽ ആറ് ഇഞ്ച് വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. അടുത്ത ആഴ്ച പകുതിയോടെ മഴ ഒഹായോ വാലിയിലേക്കും വടക്കുകിഴക്കൻ യുഎസിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് ഫ്ലോറിഡയിലെ 25 കൗണ്ടികളിൽ ഗവർണർ റോൺ ഡിസാൻ്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ലോറിഡയിലെ പാൻഹാൻഡിൽ, ബിഗ് ബെൻഡ് മേഖലകളിൽ സാധ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാൻ അടിയന്തര ഉത്തരവിലൂടെ നിർദേശം നൽകി.
അറ്റ്ലാൻ്റിക് മേഖലയിലെ ‘ഐ’ (I) എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുള്ള ചുഴലിക്കാറ്റുകൾ മുൻകാലങ്ങളിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. 2022ലെ ഇയാൻ, 2021ലെ ഐഡ, 2017ലെ ഇർമ, 2011ലെ ഐറിൻ എന്നിവയാണ് ഇതിന് ഉദാഹരണങ്ങൾ. അതേസമയം, പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനത്തിൽ ചുഴലിക്കാറ്റ് സീസൺ കൂടുതൽ സജീവമായി തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.







