newsroom@amcainnews.com

വിലക്കയറ്റത്തിൽ വലയുന്ന കാനഡക്കാർക്ക് ആശ്വാസം; ജിഎസ്ടി ക്രെഡിറ്റിൽ വൻ വർദ്ധനവ്; ഏപ്രിൽ 2 മുതൽ പുതിയ ജിഎസ്ടി പേയ്‌മെന്റ്, ആനുകൂല്യം 1.2 കോടി ജനങ്ങൾക്ക്

ഒട്ടാവ: കാനഡയിലെ താഴ്ന്ന-മിതവരുമാനക്കാർക്ക് കൈത്താങ്ങായി പുതിയ ജിഎസ്ടി (GST) ക്രെഡിറ്റ് ടോപ്പ്-അപ്പ് പേയ്‌മെന്റ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് നിലനിൽക്കുന്ന കടുത്ത ജീവിതച്ചെലവ് പ്രതിസന്ധിയും പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റവും നേരിടുന്നതിനായി വിഭാവനം ചെയ്ത ‘കാനഡ ഗ്രോസറീസ് ആന്റ് എസൻഷ്യൽസ് ബെനിഫിറ്റ് ആക്റ്റ്’ (Bill C-19) ഫെബ്രുവരി 12-ന് റോയൽ അസന്റ് ലഭിച്ചതോടെയാണ് നിയമമായത്. ഏകദേശം 1.2 കോടി കാനഡക്കാർക്ക് ഈ സാമ്പത്തിക ആനുകൂല്യം നേരിട്ട് ലഭിക്കും.

പുതിയ നിയമപ്രകാരം, 2025-26 സാമ്പത്തിക വർഷത്തെ ജിഎസ്ടി ക്രെഡിറ്റ് തുകയുടെ 50 ശതമാനം അധികമായി ഒരുതവണ ‘ടോപ്പ്-അപ്പ്’ പേയ്‌മെന്റായി നൽകും. ഇതിനായി ഏകദേശം 3.1 ബില്യൺ ഡോളറാണ് ഫെഡറൽ സർക്കാർ നീക്കിവെച്ചിരിക്കുന്നത്. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ ഭക്ഷ്യവിലയിൽ ഉണ്ടായ അമിത വർദ്ധനവ് ശരാശരി ഒരു കനേഡിയൻ കുടുംബത്തിന് 782 ഡോളറിന്റെ അധിക ബാധ്യതയുണ്ടാക്കിയെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്ക്. ഈ ആഘാതം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആർക്കെല്ലാം ലഭിക്കും, എത്ര ലഭിക്കും?

നിലവിൽ ജിഎസ്ടി/എച്ച്എസ്ടി ക്രെഡിറ്റ് ലഭിക്കുന്നവർക്കെല്ലാം പുതിയ ടോപ്പ്-അപ്പ് തുകയ്ക്ക് അർഹതയുണ്ടാകും. ഇതിനായി പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. കാനഡ റവന്യൂ ഏജൻസി (CRA) ഇത് സ്വയമേവ കണക്കാക്കി അർഹരായവരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കും.

  • ഒറ്റയ്ക്ക് താമസിക്കുന്നവർ (സീനിയേഴ്സ് ഉൾപ്പെടെ): ഏകദേശം 25,000 ഡോളർ വാർഷിക വരുമാനമുള്ള ഒരാൾക്ക് പരമാവധി 267 ഡോളർ ടോപ്പ്-അപ്പായി ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇവർക്ക് ഈ വർഷം 950 ഡോളർ വരെ ആകെ ലഭിക്കാൻ സാധ്യതയുണ്ട്.
  • കുടുംബങ്ങൾ: 40,000 ഡോളർ വാർഷിക വരുമാനമുള്ള ഒരു നാലംഗ കുടുംബത്തിന് (ദമ്പതികളും രണ്ട് കുട്ടികളും) 533 ഡോളർ ടോപ്പ്-അപ്പായി ലഭിക്കും. മറ്റ് പതിവ് ജിഎസ്ടി പേയ്‌മെന്റുകൾ ഉൾപ്പെടെ ഈ വർഷം ഇവർക്ക് 1,890 ഡോളർ വരെ ലഭിച്ചേക്കാം.

ഒരുതവണ ലഭിക്കുന്ന ഈ ടോപ്പ്-അപ്പിന് പുറമെ, ദീർഘകാലാടിസ്ഥാനത്തിലുള്ള മറ്റൊരു ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജൂലൈ മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് ജിഎസ്ടി ക്രെഡിറ്റ് തുകയിൽ 25 ശതമാനം സ്ഥിരമായ വർദ്ധനവുണ്ടാകും. ഇതിലൂടെ മുൻപ് ഈ ആനുകൂല്യത്തിന് അർഹരല്ലാതിരുന്ന 5,00,000 വ്യക്തികൾക്കും കുടുംബങ്ങൾക്കും കൂടി പുതുതായി ജിഎസ്ടി ക്രെഡിറ്റ് ലഭിച്ചു തുടങ്ങും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 8.6 ബില്യൺ ഡോളറിന്റെ അധിക സഹായമാണ് ഇതിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്.

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഒരുതവണ ലഭിക്കുന്ന ടോപ്പ്-അപ്പ് തുക 2026 ഏപ്രിൽ 2-ന് സാധാരണ ജിഎസ്ടി പേയ്‌മെന്റിനൊപ്പം വിതരണം ചെയ്യും. തുടർന്ന് ജൂലൈ 3, ഒക്ടോബർ 5 തീയതികളിൽ വർദ്ധിപ്പിച്ച നിരക്കിലുള്ള സാധാരണ ക്രെഡിറ്റുകളും വിതരണം ചെയ്യും. കൃത്യസമയത്ത് ആനുകൂല്യം ലഭിക്കുന്നതിനായി ഇൻകം ടാക്സ് റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യണമെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മാരിറ്റൽ സ്റ്റാറ്റസും സിആർഎ (CRA) പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.

You might also like

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Top Picks for You
Top Picks for You