കാനഡയിലെ മുതിർന്ന പൗരന്മാർക്ക് സാമ്പത്തികമായി ആശ്വാസമേകുന്ന ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പെൻഷൻ തുക വർധിപ്പിച്ച് കാനഡ റവന്യൂ ഏജൻസി (CRA). 2026 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നാലാം പാദത്തിൽ 1.4 ശതമാനം വർധനയാണ് ഫെഡറൽ ഏജൻസി നടപ്പിലാക്കുന്നത്. ഇതോടെ ഒക്ടോബർ 28-ന് ലഭിക്കുന്ന ഡിപ്പോസിറ്റുകൾ മുതൽ പുതിയ നിരക്കിലുള്ള തുക ലഭ്യമാകും. ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയാണ് പെൻഷൻ തുക വർധിപ്പിക്കുന്നത്. വർധിച്ച തുക അടങ്ങുന്ന മൂന്ന് പെയ്മെന്റുകൾ ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 എന്നീ തീയതികളിൽ യോഗ്യരായ മുതിർന്ന കനേഡിയൻ പൗരന്മാരുടെ അക്കൗണ്ടുകളിൽ എത്തും
പുതിയ നിരക്ക് അനുസരിച്ച് 65 മുതൽ 74 വയസ്സ് വരെയുള്ള മുതിർന്ന പൗരന്മാർക്ക് പരമാവധി പ്രതിമാസ പെൻഷൻ 751.97 ഡോളറിൽ നിന്ന് ഏകദേശം 762.50 ഡോളറായി ഉയരും. 75 വയസ്സും അതിനു മുകളിലുള്ളവർക്കും 2022 മുതൽ ലഭിച്ചുവരുന്ന 10% അധിക ആനുകൂല്യം തുടരുന്നതിനാൽ അവരുടെ പ്രതിമാസ പെൻഷൻ 827.17 ഡോളറിൽ നിന്ന് ഏകദേശം 838.75 ഡോളറായി വർധിക്കും. കുറഞ്ഞ വരുമാനക്കാരായ പെൻഷൻകാർക്ക് ലഭിക്കുന്ന ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റിലും (GIS) 1.4% വർധന ഉണ്ടാകും. ഇതോടെ ഒറ്റയ്ക്ക് താമസിക്കുന്ന കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്ക് OAS, GIS എന്നിവ ചേർത്ത് പ്രതിമാസം ഏകദേശം 1,901 ഡോളർ വരെ ലഭിക്കും.







