കോർപറേറ്റ് മേഖലയിലെ തിരക്കേറിയ ജീവിതത്തിനിടയിലും കാനഡയിൽ കൃഷി ചെയ്ത് കേരളത്തിന്റെ കാർഷിക സംസ്കാരം കാത്തുസൂക്ഷിക്കുകയാണ് ആലപ്പുഴ സ്വദേശിനിയായ മുഹ്സീന. ജോലിഭാരം ഉണ്ടെങ്കിലും കൃഷിയോടുള്ള അടങ്ങാത്ത താല്പര്യമാണ് ഇതിന് പിന്നിൽ. ഭക്ഷണത്തിൽ പോലും വിഷാംശം കലരുന്ന ഇന്നത്തെ കാലത്ത് എല്ലാവരും കൃഷിയിലേക്ക് തിരിയണമെന്നാണ് ആഗ്രഹമെന്ന് അവർ മനോരമ ഓൺലൈനിനോട് വ്യക്തമാക്കി. ഒന്നിനും സമയമില്ലെന്ന് പറയുന്നത് മടി കൊണ്ടാണെന്നും, ജോലിയോടൊപ്പം കൃഷിയും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും മുഹ്സീന കൂട്ടിച്ചേർത്തു.
പാരമ്പര്യമായി കിട്ടിയ കൃഷിപാഠം
കൊച്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന മുഹ്സീനയ്ക്ക് കുട്ടിക്കാലം മുതൽക്കേ കൃഷി ജീവിതത്തിന്റെ ഭാഗമായിരുന്നു. ഉമ്മ കോഴികളെയും ആടുകളെയും വളർത്തിയിരുന്നത് വലിയ പ്രചോദനമായി. കുടുംബത്തിൽ നിന്ന് ലഭിച്ച സ്വാധീനവും ചെറുപ്പം മുതലുള്ള താല്പര്യവുമാണ് കൃഷിയിലേക്ക് നയിച്ചത്. കാൻസർ, ഹൃദയാഘാതം പോലുള്ള മാരക രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് പല രോഗങ്ങൾക്കും കാരണമെന്ന തിരിച്ചറിവും ആരോഗ്യത്തെക്കുറിച്ചുള്ള കരുതലുമാണ് വിഷരഹിത കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.
ഒരു കൊച്ചു ഏദൻതോട്ടം
വിശാലമായ ഭൂമി വാങ്ങിയല്ല മുഹ്സീന കൃഷി നടത്തുന്നത്; ഉള്ള സ്ഥലത്ത് കനേഡിയൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളകളാണ് നട്ടിരിക്കുന്നത്. ഹീറ്റഡ് ഗ്രീൻഹൗസിലാണ് പ്രധാന കൃഷി. ലെറ്റ്യൂസ്, ചീര, വിവിധ ഇനം ഇലക്കറികൾ എന്നിവയ്ക്കൊപ്പം സാലഡ്, റാഡിഷ്, കുമ്പളം, മുളക്, തക്കാളി, സ്ട്രോബെറി, അച്ചിങ്ങാപ്പയർ, വെണ്ട, ബീൻസ് എന്നിവയും ഇവിടെ വളരുന്നുണ്ട്. കൂടാതെ കോഴികളെ വളർത്താനായി ഒരു ചിക്കൻ കൂപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വർഷവും പുതിയ വിത്തുകളും തൈകളും നട്ട് പരീക്ഷണങ്ങൾ നടത്താറുണ്ട്. പ്രധാനമായും സ്വന്തം വീട്ടാവശ്യത്തിനാണ് കൃഷി ചെയ്യുന്നതെങ്കിലും വിളവ് കൂടുമ്പോൾ വിപണിയിലും സമീപവാസികൾക്കും നൽകാറുണ്ട്.
സമയമില്ലെന്ന പരാതിക്ക് അർത്ഥമില്ല
ഐടി ജോലിയോടൊപ്പം കൃഷി ചെയ്യുന്നത് ഭാരമായി തോന്നുന്നില്ലെന്നും മറിച്ച് ഏറെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും മുഹ്സീന പറയുന്നു. ഐടി രംഗത്തെ സമ്മർദ്ദം താങ്ങാനാകാതെ പലരും ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് മാറുന്നുണ്ട്. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഐടി മേഖലയിൽ എത്തിയതെന്നും, ജോലിയിലെ സമ്മർദ്ദവും തിരക്കും മറക്കാൻ കൃഷി മികച്ചൊരു ഉപാധിയാണെന്നും അവർ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനും കൃഷി സഹായിക്കുന്നു. സമയമില്ലെന്ന് പറയുന്നത് വെറുതെയാണെന്നും, നമുക്ക് താല്പര്യമുള്ള കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വരുമാനത്തേക്കാൾ ഉപരി മനസ്സന്തോഷമാണ് കൃഷിയിലൂടെ ലഭിക്കുന്നതെന്ന് മുഹ്സീന അടിവരയിടുന്നു.
കുടുംബത്തിന്റെ പൂർണ്ണ പിന്തുണ
ജോലിയോടൊപ്പം കൃഷിയും കൊണ്ടുപോകാൻ ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ വലിയ കരുത്തായി. ഏത് കാര്യത്തിലും ഭർത്താവ് തൻസിൽ നൽകുന്ന പ്രോത്സാഹനവും പൂർണ്ണ പിന്തുണയുമാണ് എടുത്തുപറയേണ്ടത്. കൃഷിപ്പണികളിൽ കൂടുതലായി സഹായിക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കാനും പ്രാവർത്തികമാക്കാനും ഒപ്പം നിൽക്കുന്നതും അദ്ദേഹമാണ്. ഇരുവീടുകളിലെയും മാതാപിതാക്കളുടെ പ്രോത്സാഹനവും ഒപ്പമുണ്ട്. തൻസിലിന്റെ മാതാപിതാക്കൾ ഫാമിലെ ജോലികളിൽ സഹായത്തിനെത്താറുണ്ട്.
മണ്ണിന്റെ പാഠങ്ങൾ പുതിയ തലമുറ അറിയട്ടെ
പുതിയ തലമുറ മണ്ണിന്റെയും കൃഷിയുടെയും പ്രാധാന്യം അറിഞ്ഞുവളരണമെന്നാണ് മുഹ്സീനയുടെ അഭിപ്രായം. ഭക്ഷ്യവിളകൾ എങ്ങനെയാണ് നട്ടുപിടിപ്പിക്കുന്നതെന്നും വിളവെടുക്കുന്നതെന്നും കുട്ടികൾ അറിയേണ്ടതുണ്ട്. മണ്ണിലിറങ്ങി കളിച്ചും കൃഷി ചെയ്തും രണ്ട് മക്കളെ വളർത്തിയെടുക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി അവർ കാണുന്നു. കോഴികൾക്കൊപ്പം ഓടിക്കളിച്ച് കുട്ടികൾ ഏറെ സന്തോഷത്തോടെയാണ് കഴിയുന്നത്. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കൃഷിയേക്കാൾ മികച്ച മറ്റൊരു മാർഗ്ഗമില്ലെന്നാണ് മുഹ്സീനയുടെ പക്ഷം.








