യുഎസിലെ മിസിസിപ്പിയിൽ പ്രസവിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ, നവജാത ശിശുവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 25 കാരിയായ യുവതി അറസ്റ്റിലായി. ഒക്ടോബർ 18-നാണ് സ്മിത്ത് കൗണ്ടിയിലെ പോൾക്വിൽ എന്ന പ്രദേശത്ത് ഈ ദാരുണ സംഭവം നടന്നത്. ഷാന്റൽ ഷാരോൺ ജോർദാൻ എന്ന യുവതിയാണ് പിടിയിലായത്.
കുഞ്ഞിന് അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് യുവതി തന്നെയാണ് എമർജൻസി വിഭാഗത്തിൽ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ, ഗുരുതരാവസ്ഥയിലായിരുന്ന ചോരക്കുഞ്ഞിനെ ഉടൻതന്നെ ആംബുലൻസിൽ ജാക്സൺ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് പെട്ടെന്ന് ശാരീരിക സങ്കീർണതകൾ ഉണ്ടാവുകയും, ജനനത്തിന് ശേഷം കുഞ്ഞിന് ക്രൂരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും രണ്ടു ദിവസത്തിന് ശേഷം കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. തലയേറ്റ മർദനമാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.








