നോർത്ത് ടെക്സസ് സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കോളജ് ആരംഭിക്കുന്നതിനായി ഇന്ത്യൻ വംശജരായ അനുരാധ-വികാസ് സിൻഹ ദമ്പതികൾ ഏകദേശം 166 കോടി രൂപയോളം (20 ദശലക്ഷം ഡോളർ) സംഭാവനയായി നൽകിയിട്ടുണ്ട്. ദമ്പതികളുടെ പേരിൽ തന്നെയുളള ഈ പുതിയ സ്ഥാപനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ് എന്നീ മേഖലകളിലാണ് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നത്.
ഈ തുക പ്രധാനമായും വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കോളർഷിപ്പുകൾ നൽകുന്നതിനും അത്യാധുനിക ഗവേഷണ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. തങ്ങൾക്ക് ലഭിച്ച വിദ്യാഭ്യാസ അവസരങ്ങൾ കുടിയേറ്റക്കാരായ മറ്റ് വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമ്പതികൾ വ്യക്തമാക്കിയിട്ടുണ്ട്.







