കേരള സെന്‍റര്‍ വിവിധ കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 5 ന് സ്വന്തം ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷത്തിൽ കേരള സെന്‍റര്‍ ജോയിൻ്റ് സെക്രട്ടറി മേരി ഫിലിപ്പ് ആമുഖ പ്രസംഗം നടത്തി. തുടർന്ന് താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാഥിതികളും സെന്‍റര്‍ ഭാരവാഹികളും ചേര്‍ന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ച് മാവേലി മന്നന്‍റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോര്‍ജിന്‍റെയും ഡോ. അന്നാ ജോര്‍ജിന്‍റെയും നേതൃത്വത്തില്‍ നടന്ന തിരുവാതിരയും അര്‍ച്ചന ഫിലിപ്പ് ഒരുക്കിയ കുട്ടികളുടെ ഡാന്‍സും മനോഹരമായ ദൃശ്യാനുഭവമായി.
കേരള സെന്‍റര്‍ പ്രസിഡൻ്റ് അലക്സ് എസ്തപ്പാന്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ഓഫീസിലെ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ അഫയേഴ്‌സ് ഡയറക്ടര്‍ സിബു നായര്‍ ഓണ സന്ദേശം നല്‍കി. കൈരളി ടിവി സാരഥി ജോസ് കാടാപുറം , ഫോമാ സെക്രട്ടറി പോള്‍ ജോസ്, മുന്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, ലീല മാരേട്ട് , ഫിലിപ്പ് മഠത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡെയ്‌സി സ്റ്റീഫന്‍ പള്ളിപ്പറമ്പില്‍ പരിപാടികൾക്ക് നേതൃത്വം നൽകി. മേരി ഫിലിപ്പ്, എബി തോമസ്, ബെന്‍സി തോമസ് എന്നിവരണ് പരിപാടികള്‍ കോ ഓര്‍ഡിനേറ്റ് ചെയ്തത്. കേരള സെന്‍റര്‍ സെക്രട്ടറി രാജു തോമസ് നന്ദി അർപ്പിച്ചു.







