കാനഡയിൽ ഇന്ത്യൻ വംശജയായ യുവതി ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടു. മുപ്പത് വയസ്സുള്ള രമൺ ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവായ മൻദീപ് സിങ്ങിനെ (41) അറസ്റ്റ് ചെയ്തു. പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനത്തെ തുടർന്നുണ്ടായ മരണമാണിതെന്ന് കനേഡിയൻ പൊലീസ് വ്യക്തമാക്കി.
സെപ്റ്റംബർ 15-ന് ലണ്ടൻ ഒൻ്റാരിയോയിലെ സമ്മർസൈഡ് മേഖലയിലെ ചെൽട്ടൺ റോഡിലുള്ള ഇവരുടെ വീട്ടിലാണ് സംഭവം നടന്നത്. സംഭവസമയത്ത് വീട്ടിൽ മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെങ്കിലും അവർക്കാർക്കും പരുക്കേറ്റിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയപ്പോൾ രണ്ട് കുട്ടികളുടെ അമ്മയായ രമൺ ദേവിയെ ഗുരുതരമായ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രമൺ ദേവിയുടെ അമ്മ കുട്ടികളുമായി വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിവരുന്നത് കണ്ടതായി അയൽവാസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘രജിസ്റ്റേർഡ് മസാജ് തെറാപ്പി’ പഠിക്കുകയായിരുന്നു രമൺ ദേവി. പഠനം പൂർത്തിയാക്കാൻ അഞ്ച് മാസം മാത്രം ശേഷിക്കെയാണ് കൊല്ലപ്പെട്ടത്. രമൺ ദേവിയ്ക്ക് നാല് വയസ്സുള്ള മകനും ഏഴ് വയസ്സുള്ള മകളുമുണ്ട്. കുട്ടികളെ പരിചരിക്കുന്നതിനായാണ് രമൺ ദേവിയുടെ അമ്മ ഇന്ത്യയിൽ നിന്നും കാനഡയിലെത്തിയത്.
രമൺ ദേവിയുടെ അമ്മയെയും കുട്ടികളെയും സഹായിക്കാനായി ‘ഗോഫണ്ട്മി’ (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഗുരുദ്വാര ലണ്ടൻ സിഖ് സൊസൈറ്റിയും ദേവിക്കായി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.







