newsroom@amcainnews.com

വിദേശ പരമ്പരകളിൽ കുടുംബത്തെ കൂട്ടുന്നതിന് ടീം അംഗങ്ങൾക്ക് ഏർപ്പെടുത്തിയ കർശന മാർഗനിർദേശങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ; നടപടി വിരാട് കോലി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ

മുംബൈ: ഇന്ത്യൻ ടീമിൻറെ ഓസ്ട്രേലിയൻ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഏർപ്പെടുത്തിയ കർശന മാർഗനിർദേശങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ. വിദേശ പരമ്പരകളിൽ കുടുംബത്തെ കൂട്ടുന്നതിന് ബിസിസിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഇന്ത്യൻ താരം വിരാട് കോലി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ബിസിസിഐനിലപാട് മയപ്പെടുത്തുന്നത് എന്നാണ് റിപ്പോർട്ട്.

വിദേശ പരമ്പരകളിൽ ഇപ്പോൾ നിർദേശിച്ചതിലും കൂടുതൽ സമയം കുടുംബത്തെ കൂടെ നിർത്തണമെങ്കിൽ പ്രത്യേക അനുമതി വാങ്ങിയാൽ മതിയെന്ന നിർദേശമാണ് ബിസിസിഐ ഇപ്പോൾ മുന്നോട്ടുവെക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ആർസിബിയുടെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് വിദേശ പരമ്പരകളിൽ കുടുംബത്തെ കൂടെ കൂട്ടുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ വിരാട് കോലി പരസ്യനിലപാടെടുത്തത്.

45 ദിവസത്തിൽ കൂടുതലുള്ള വിദേശ പരമ്പരകളിൽ പരമാവധി രണ്ടാഴ്ചയും അതിൽ താഴെയുള്ള പരമ്പരകളിൽ പരമാവധി ഒരാഴ്ച മാത്രവും കുടുംബത്തെ കൂടെ കൂട്ടാൻ അനുവദിക്കൂ എന്നായിരുന്നു ബിസിസിഐ മാർഗനിർദേശം. ചാമ്പ്യൻസ് ട്രോഫി മുതൽ ബിസിസിഐ തീരുമാനം നടപ്പാക്കുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ആർസിബി സമ്മിറ്റിൽ സംസാരിക്കവെ കോലി ഇതിനെതിരെ രംഗത്തു വരികയായിരുന്നു. ഗ്രൗണ്ടിലെ മോശം പ്രകടനത്തിനുശേഷം ഹോട്ടൽ മുറിയിൽ തിരിച്ചെത്തി ഏകാന്തനായി ദു:ഖിച്ചിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോലി ആർസിബി സമ്മിറ്റിൽ പറഞ്ഞിരുന്നു.നിങ്ങൾ ഏത് കളിക്കാരനോട് വേണമെങ്കിലും കുടുംബത്തെ കൂടെ കൊണ്ടുപോകണോ എന്നു ചോദിച്ചു നോക്കു. വേണമെന്നായിരിക്കും മറുപടി. ഒരു മത്സരത്തിലെ മോശം പ്രകടനത്തിനുശേഷം ഹോട്ടൽമുറിയിൽ ദു:ഖിച്ചിരിക്കാൻ വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നില്ല. സാധാരണരീതിയിൽ ഇരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. കളിയിൽ മികച്ച പ്രകടനം നടത്തേണ്ടത് കളിക്കാരൻറെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നേ മതിയാവു. ജീവിതത്തിൽ പലപ്പോഴും പല സാഹചര്യങ്ങൾ ചേർന്നാണ് നമ്മളെ നോർമലായി ഇരിക്കാൻ സഹായിക്കുന്നത്. മോശമായ അർത്ഥത്തിലല്ല ഇത് പറയുന്നത്. കളിക്കാരനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ കഴിഞ്ഞാൽ എല്ലാവരും കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. പിന്നീട് സാധാരണ കുടുംബ ജീവിതം നയിക്കാനും-കോലി പറഞ്ഞു.

ഇന്ത്യൻ ടീമിൻറെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഒരു താരം ഭാര്യയെയും ഭാര്യയുടെ അമ്മൂമ്മയെയും കുട്ടികളെ നോക്കാനായി ആയയെയും വരെ ബിസിസിഐ ചെലവിൽ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയതായും ഇത് വിരാട് കോലിയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. മറ്റൊരു താരം പേഴ്സണൽ കുക്കിനെ കൊണ്ടുപോയിരുന്നുവെന്നും വേറൊരു താരം 250 കിലോയിലധികം ലഗേജ് കൊണ്ടുവന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ബിസിസിഐ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായതോടെയാണ് ബിസിസിഐ നിലപാട് മയപ്പെടുത്തുന്നത് എന്നാണ് കരുതുന്നത്.

You might also like

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

ന്യൂയോർക്കിൽ വീണ്ടും പെരുമഴയും കനത്ത കൊടുങ്കാറ്റും: ജാഗ്രതാ നിർദേശം

കാനഡ ഓൾഡ് ഏജ് സെക്യൂരിറ്റി പേയ്‌മെൻ്റ് ജൂൺ 26ന് അക്കൗണ്ടിലേക്ക്

കനേഡിയൻ പൗരത്വം: പുതിയ നിയമങ്ങളുമായി IRCC

ലോകകപ്പ്: നിർണ്ണായക പോരാട്ടത്തിനൊരുങ്ങി കാനഡ

ഇറാൻ യുദ്ധച്ചെലവ്: കൂടുതൽ ഫണ്ടിനായി യുഎസ്; 80 ബില്യൺ ഡോളർ കൂടി ആവശ്യപ്പെട്ട് പെന്റഗൺ

Top Picks for You
Top Picks for You