അമേരിക്കയിലേക്ക് കുടിയേറുന്നതിനായി യുഎസ് കോൺഗ്രസ് അംഗമായ ഇൽഹാൻ ഒമർ സ്വന്തം സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണത്തിൽ ഫെഡറൽ അന്വേഷണം പുരോഗമിക്കുന്നു. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിൽ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർകൊയ്ൻ മുല്ലിൻ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വിവാഹമെന്നും ഇതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൽഹാൻ ഒമറിന്റെ കുടുംബത്തിന്റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമച്ചെന്ന ആരോപണവുമാണ് അന്വേഷണ സംഘം പ്രധാനമായി പരിശോധിക്കുന്നത്. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവുകൾ ലഭിച്ചാൽ, അമേരിക്കൻ പൗരത്വം റദ്ദാക്കി നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കാമെന്ന് അധികൃതർ സൂചിപ്പിക്കുന്നു. എന്നാൽ രാഷ്ട്രീയ പ്രേരണയല്ല, നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണമെന്ന് മുല്ലിൻ അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് ഇൽഹാൻ ഒമർ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം അമേരിക്കൻ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.







