newsroom@amcainnews.com

കോൺഗ്രസിനു സംസ്ഥാനത്ത് പുതിയ ടീം നേതൃത്വത്തിലേക്കു; കെപിസിസിയിലും ഡിസിസികളിലും വൈകാതെ അഴിച്ചുപണി; സണ്ണി ജോസഫ് 12ന് ചുമതലയേൽക്കും

തിരുവനന്തപുരം: കോൺഗ്രസിനു പുതിയ ടീം നേതൃത്വത്തിലേക്കു വന്നതിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും വൈകാതെ അഴിച്ചുപണി നടക്കും. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വന്നതോടെ നിലവിലെ ഭാരവാഹികൾ സാങ്കേതികമായി ഒഴിവായി. അതേസമയം പുതിയ ഭാരവാഹികൾ വരുംവരെ ഇവർ തുടരും. മുഴുവൻ ഡിസിസി പ്രസിഡന്റുമാരെയും മാറ്റുക, പ്രവർത്തനമികവ് തെളിയിച്ചവരെ നിലനിർത്തി മറ്റുള്ളവരെ മാറ്റുക എന്നീ രണ്ടു നിർദേശങ്ങൾ നേതൃത്വത്തിനു മുന്നിലുണ്ട്. ഏതു സാഹചര്യത്തിലും 8–9 ഡിസിസികളിൽ പുതിയ പ്രസിഡന്റുമാർ വരും. ഡിസിസി ഭാരവാഹി നിരയിൽ കാര്യമായ അഴിച്ചുപണി നടക്കും. വി.എം.സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ നടന്ന ഡിസിസി അഴിച്ചുപണിയുടെ ഭാഗമായി ഭാരവാഹികളായവരാണ് ഇപ്പോഴും തുടരുന്നത്. ഈ ജംബോ കമ്മിറ്റികളിലെ ഭൂരിപക്ഷം പേരും സജീവമായി പ്രവർത്തന രംഗത്തില്ലെന്നത് കോൺഗ്രസ് നേരിടുന്ന പ്രധാന ദൗർബല്യമായാണ് നേതൃത്വം വിലയിരുത്തുന്നത്.

മൂന്നു വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളെ കെപിസിസി കേന്ദ്രീകരിച്ചു പ്രവർത്തിക്കാനായി നിയോഗിക്കും. പി.സി.വിഷ്ണുനാഥിനാണ് സാധ്യത. വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചു ചുമതല നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതു കൂടി കണക്കിലെടുത്ത് കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടിയേക്കും. നിലവിലെ ഭാരവാഹികളിൽ കാര്യക്ഷമത തെളിയിച്ചവർ തുടരും. എന്നാൽ ചുമതലകളിൽ മാറ്റം വരും. ജോയിന്റ് സെക്രട്ടറിമാരായി 60–70 പേരെ നിയോഗിക്കാനാണ് ആലോചന.

തിങ്കളാഴ്ച പുതിയ ടീം ചുമതലയേറ്റ ശേഷം പാർട്ടി അഴിച്ചുപണി സംബന്ധിച്ച ചർച്ച തുടങ്ങും. പുതിയ നേതൃത്വത്തെയും കേരളത്തിൽ നിന്നുള്ള പ്രവർത്തകസമിതി അംഗങ്ങളെയും മുൻ കെപിസിസി പ്രസിഡന്റുമാരെയും ഡൽഹിയിലേക്ക് ഹൈക്കമാൻഡ് തിരക്കിട്ട് വിളിപ്പിച്ചിരുന്നു. സംഘടനാ തുടർനടപടികളെക്കുറിച്ച് ആലോചിക്കാനായി ഇന്നു നാലുമണിക്ക് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കാണുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഇന്നലെ ഉച്ചയോടെ അറിയിക്കുകയായിരുന്നു. എന്നാൽ പ്രസിഡന്റ് അടക്കമുള്ളവർ ചുമതലയേറ്റ ശേഷം മതി ആ യോഗം എന്ന അഭിപ്രായം പിന്നീട് രൂപപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ചു. കേരളത്തിലെ സംഘടനാ കാര്യങ്ങൾ എഐസിസി കൂടുതൽ ഗൗരവത്തിൽ എടുക്കുന്നതിന്റെ സൂചനയായിട്ടാണ് തിരക്കിട്ട് യോഗം വിളിച്ചതിനെ സംസ്ഥാനത്തെ നേതാക്കൾ കാണുന്നത്. നേതൃമാറ്റവും പുതിയ ടീമിന്റെ വരവും കോൺഗ്രസ്–യുഡിഎഫ് കേന്ദ്രങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യുന്നു. പ്രതീക്ഷിച്ച സ്ഥാനം കിട്ടാതെ പോയവർക്കും സ്ഥാനം നഷ്ടപ്പെട്ടവർക്കും അതൃപ്തി ഉണ്ടെങ്കിലും അപസ്വരങ്ങൾ കാര്യമായി ഉയർന്നിട്ടില്ല. രാഹുൽ ഗാന്ധി തന്നെ നേരിട്ടു നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങളാണെന്ന കാര്യവും നേതാക്കൾക്കു മുന്നിലുണ്ട്.

സണ്ണി ജോസഫ് 12ന് ചുമതലയേൽക്കും

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ തിങ്കളാഴ്ച ചുമതലയേൽക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങിൽ കെ.സുധാകരൻ ചുമതല കൈമാറും. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷ സാഹചര്യത്തിൽ ലളിതമായ ചടങ്ങാകും നടത്തുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി അറിയിച്ചു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരും അന്നു ചുമതല ഏറ്റെടുക്കും.

മാസത്തിൽ 10 ദിവസം നിർബന്ധമായും പുതിയ കെപിസിസി പ്രസിഡന്റ് ഓഫിസിലുണ്ടാകണമെന്നാണ് ആലോചിച്ചിട്ടുള്ളത്. 10 ദിവസം മറ്റു ജില്ലകളിൽ പരിപാടികൾക്കും മറ്റുമായി പര്യടനം നടത്തും. എംഎൽഎയാണ് എന്നതിനാൽ ബാക്കി ദിവസം പേരാവൂർ മണ്ഡലത്തിലും ഉണ്ടാകേണ്ടിവരും. ഭാരവാഹി പുനഃസംഘടനയാണു സണ്ണി ജോസഫിനു മുന്നിലെ ആദ്യ ദൗത്യം. തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധി കുടുംബസംഗമങ്ങൾ 13,000 പിന്നിട്ടു. 5000 കൂടി ഈ മാസം നടത്താൻ ബാക്കിയുണ്ട്. ഇന്നലെ അവലോകന യോഗം നിശ്ചയിച്ചിരുന്നെങ്കിലും നേതൃമാറ്റത്തിന്റെ സാഹചര്യത്തിൽ വേണ്ടെന്നുവച്ചു. മണ്ഡലം വികസന ശിൽപശാലകൾ ജൂണിൽ സംഘടിപ്പിക്കണം.

You might also like
World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Top Picks for You
Top Picks for You