ലോകത്തിലെ ഏറ്റവും മനോഹരമായ നഗരം ഏതെന്ന് ചോദിച്ചാൽ ആളുകളുടെ അഭിരുചികൾക്കനുസരിച്ച് ഉത്തരങ്ങൾ മാറും. ചിലർക്ക് പച്ചപ്പ് നിറഞ്ഞ നഗരങ്ങളും, മറ്റുചിലർക്ക് നടന്നു കാണാൻ ഇണങ്ങിയ തെരുവുകളോ ആകാശത്തുയർന്നുനിൽക്കുന്ന കെട്ടിടങ്ങളോ ആയിരിക്കും ഇഷ്ടം. ഈ സംശയത്തിന് വിരാമമിടാനായി ‘ടൈം ഔട്ട്’ മാഗസിൻ ലോകമെമ്പാടുമുള്ള 24,000 നഗരവാസികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് 2026-ലെ ഏറ്റവും സുന്ദരമായ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഈ സർവേയിൽ 86 ശതമാനം വോട്ടുകളോടെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ ആണ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ടേബിൾ മൗണ്ടൻ മുതൽ അറ്റ്‌ലാന്റിക് സമുദ്രം വരെ നീണ്ടുകിടക്കുന്ന ഈ നഗരം പ്രകൃതിസൗന്ദര്യം കൊണ്ട് സമ്പന്നമാണ്. വെളുത്ത മണൽപരപ്പുള്ള ബീച്ചുകളും, കേപ് ഫ്ലോറൽ കിങ്ഡം എന്ന സസ്യവൈവിധ്യവും, ലയൺസ് ഹെഡ് പോലെയുള്ള വലിയ പാറക്കെട്ടുകളും ഈ നഗരത്തെ ലോകത്തിലെ ഏറ്റവും മനോഹരമായ ഇടമാക്കി മാറ്റുന്നു.
സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയാണ് 84 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തുള്ളത്. ജോർജ്‌യൻ ശൈലിയിലുള്ള വീടുകൾ നിറഞ്ഞ ‘ന്യൂ ടൗണും’, ഇടതൂർന്ന തെരുവുകളുള്ള മധ്യകാലഘട്ടത്തിലെ ‘ഓൾഡ് ടൗണും’, ഗോതിക് ശൈലിയിലുള്ള പള്ളികളും ചേർന്ന് വലിയൊരു വാസ്തുവിദ്യാ വിസ്മയമാണ് ഇവിടെ കാഴ്ചവെക്കുന്നത്. നടന്നു കാണാൻ ഏറ്റവും അനുയോജ്യമായ ലോകത്തിലെ മികച്ച നഗരങ്ങളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.







