newsroom@amcainnews.com

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു; മൃതദേഹം ഇരിക്കുന്ന രീതിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആ​ദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. കല്ലറയുടെ മുകളിലത്തെ സ്ലാബ് നീക്കിയപ്പോൾ നെഞ്ചു വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലായിരുന്നു മൃതദേഹം. കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തപ്പോൾ ജീർണിച്ച നിലയിലല്ല. അതിനാൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലാണ്. പുറകിലുള്ള ഭിത്തി കോൺക്രീറ്റിൽ തീർത്തതാണ്. മൃതദേഹം പുറത്തെടുക്കുന്ന വേളയിൽ കുടുംബം സ്ഥലത്തേക്ക് വന്നിരുന്നില്ല. മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷം മകനെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് എത്തിച്ചു. മൃതദേഹം ഏറ്റെടുക്കുമെന്ന് കുടുംബം അറിയിച്ചു.

അതേസമയം, കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.

ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ ഇന്നലെ നിർണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണമാണെന്ന നിഗമനത്തിലേക്ക് കോടതിക്ക് എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു. കുടുംബത്തിൻ്റെ ഹർജി പരി​ഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ചോദ്യം. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. നിലവിൽ അന്വേഷണം നിർത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് നോട്ടീസ് നൽകിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഹർജി പരിഗണിക്കുന്ന അടുത്ത ആഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. എന്തിനാണ് പേടിയെന്നും ഹൈക്കോടതി ഹർജിക്കാരോട് ചോദിച്ചു. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

You might also like

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

Top Picks for You
Top Picks for You