വാഷിങ്ടൺ : താങ്ക്‌സ്ഗിവിങ് ദിനത്തില്‍ അമേരിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. നിരവധി നഗരങ്ങളില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തതോടെ പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഏകദേശം അഞ്ച് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. ഇതില്‍ ഭൂരിഭാഗവും പെൻസിൽവേനിയ സംസ്ഥാനത്താണ്. നോർത്ത് കാരൊലൈന മുതല്‍ മസാച്യുസെറ്റ്‌സ് വരെയുള്ള പ്രദേശങ്ങളില്‍ മണിക്കൂറില്‍ 80 മുതല്‍ 113 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയത്.
ന്യൂജഴ്സിയിലെയും ചെസാപീക്ക് ഉള്‍ക്കടല്‍ മേഖലയിലെയും നിരവധി പ്രദേശങ്ങളില്‍ താങ്ക്‌സ്ഗിവിങ് ദിനത്തില്‍ റെക്കോര്‍ഡ് വേലിയേറ്റം രേഖപ്പെടുത്തി. ന്യൂജഴ്സിയിലെ കേപ് മേയില്‍ 9.41 അടി ഉയരത്തിലാണ് വേലിയേറ്റമുണ്ടായത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വേലിയേറ്റമാണ്. അറ്റ്‌ലാൻ്റിക് സിറ്റിയില്‍ 8.28 അടി ഉയരത്തില്‍ കടല്‍ജലം ഉയര്‍ന്നു. 2012-ല്‍ സൂപ്പര്‍സ്റ്റോം സാന്‍ഡി ആഞ്ഞടിച്ചതിനുശേഷം നഗരത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വേലിയേറ്റമാണിത്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തീരപ്രദേശങ്ങളിലെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയത് രക്ഷാപ്രവര്‍ത്തനങ്ങളെയും ജനജീവിതത്തെയും ബാധിച്ചു.
കിഴക്കന്‍ മേഖലകളിൽ അടക്കം കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വെർജീനിയ ഗവര്‍ണര്‍ അബിഗെയ്ല്‍ സ്പാന്‍ബര്‍ഗര്‍ വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാനും ഗതാഗതം സുരക്ഷിതമാക്കാനും ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനും സംസ്ഥാന ഏജന്‍സികള്‍ പ്രാദേശിക ഭരണകൂടങ്ങളുമായും വൈദ്യുതി വിതരണ കമ്പനികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം, ഞായറാഴ്ച അമേരിക്കയുടെ മധ്യഭാഗത്ത് രൂപപ്പെടുന്ന പുതിയ കാലാവസ്ഥാ സംവിധാനം കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതോടെ വീണ്ടും ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. ഗ്രേറ്റ് ലേക്ക്‌സ്, ഒഹായോ താഴ്വര, തെക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചയോടെ മഴ ശക്തമാകും. വൈകുന്നേരത്തോടെ അപ്പലേച്ചിയന്‍ മേഖലകളിലേക്കും തിങ്കളാഴ്ചയോടെ അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്കും മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ദുരിതബാധിത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.








