ഹാലിഫാക്സ് : മാരിടൈംസ് (Maritimes) മേഖലയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതായി എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. നോവസ്കോഷയിലും ന്യൂബ്രൺസ്വിക്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. തെക്കൻ, കിഴക്കൻ ന്യൂബ്രൺസ്വിക്, ഹാലിഫാക്സ് മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. കൂടാതെ, തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ആരംഭിച്ച ശക്തമായ മഴയും കാറ്റും വൈകുന്നേരം വരെ തുടർന്നു. തിങ്കളാഴ്ച ഉച്ചവരെ മാർഗരി ഹാർബർ മുതൽ ബേ സെൻ്റ് ലോറൻസ് വരെയുള്ള പ്രദേശങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശി. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ യാത്ര ദുഷ്കരമായി. റോഡുകളിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ളതിനാൽ തെക്കുപടിഞ്ഞാറൻ ന്യൂഫിൻലൻഡിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.








