ന്യൂയോർക്ക് : ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റിലെ ആദ്യ വനിതാ നേതാവും ആദ്യ കറുത്ത വര്‍ഗക്കാരിയുമായ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ് (76) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 2006 മുതല്‍ സെനറ്റില്‍ അംഗമായിരുന്ന അവര്‍ നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. ഈ മാസം പകുതിയോടെ ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും നേതൃസ്ഥാനത്തേക്ക് അവരെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ആന്‍ഡ്രിയയുടെ നിര്യാണത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുള്‍ അനുശോചനം രേഖപ്പെടുത്തി.
2012 മുതല്‍ ന്യൂയോര്‍ക്ക് സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ആന്‍ഡ്രിയ, 2019-ല്‍ പാര്‍ട്ടി സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതോടെയാണ് ഭൂരിപക്ഷ നേതാവായത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ കറുത്തവര്ഗക്കാരിയുമെന്ന ചരിത്രനേട്ടവും അവര്‍ സ്വന്തമാക്കി.
ന്യൂയോര്‍ക്ക് നഗരത്തിലെ പൊതുഭവനങ്ങളിലായിരുന്നു ആന്‍ഡ്രിയയുടെ ബാല്യം. അധ്യാപിക, മാര്‍ക്കറ്റിങ് വിദഗ്ധ, പേഴ്സണല്‍ മാനേജര്‍, യോങ്കേഴ്സ് നഗരത്തിലെ ഉദ്യോഗസ്ഥ, വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി നിയമനിര്‍മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് 2006-ല്‍ സെനറ്റിലെത്തിയത്. 2007-ല്‍ ഭര്‍ത്താവ് തോമസ് കസിന്‍സ് അന്തരിച്ചിരുന്നു. മക്കളായ കെവിന്, സ്റ്റീവന്‍, കാന്‍ഡിസ് എന്നിവരും സഹോദരന് റോബര്‍ട്ട് സ്റ്റുവര്‍ട്ട് ജൂനിയറും ഉള്‍പ്പെടെയുള്ളവരാണ് കുടുംബാംഗങ്ങള്‍.








