ഓട്ടവ : ഒൻ്റാരിയോ നിവാസികളായ ഭിന്നശേഷിക്കാർക്കുള്ള സാമ്പത്തിക സഹായം ഒൻ്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം പേയ്‌മെൻ്റ് നവംബർ 30 തിങ്കളാഴ്ച ലഭിക്കും. അർഹരായ വ്യക്തികൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കും താമസസൗകര്യത്തിനുമായി പ്രതിമാസം 1,436 ഡോളർ വരെ സഹായധനമായി ലഭിക്കും. അടുത്ത മാസത്തെ സഹായധനം ക്രിസ്മസ് അവധിക്ക് മുമ്പായി ഡിസംബർ 22 ചൊവ്വാഴ്ച വിതരണം ചെയ്യുമെന്നും ഒൻ്റാരിയോ സർക്കാർ അറിയിച്ചു.
ഭക്ഷണം, വസ്ത്രം, ഗതാഗതം, വ്യക്തിപരമായ ആവശ്യങ്ങൾ, മറ്റ് ദൈനംദിന ചെലവുകൾ തുടങ്ങിയ അടിസ്ഥാന ജീവിതച്ചെലവുകൾക്കായി പ്രതിമാസം 825 ഡോളറും ഷെൽട്ടർ അലവൻസായി 611 ഡോളറും ലഭിക്കും. വാടക, മോർഗെജ് തിരിച്ചടവുകൾ, യൂട്ടിലിറ്റി ചാർജുകൾ, ഭവന ഇൻഷുറൻസ്, കോണ്ടോമിനിയം അല്ലെങ്കിൽ കോ-ഓപ്പറേറ്റീവ് ഫീസുകൾ എന്നിവയെല്ലാം ഷെൽട്ടർ അലവൻസിൽ ഉൾപ്പെടുന്നു.
2026 ജൂലൈയിൽ പണപ്പെരുപ്പം കണക്കിലെടുത്ത് ODSP നിരക്കുകൾ 1.9% വർധിപ്പിച്ചിരുന്നു. ഇതോടെ യോഗ്യരായ ഒൻ്റാരിയോ നിവാസികൾക്കുള്ള പരമാവധി പ്രതിമാസ സഹായം 1,408 ഡോളറിൽ നിന്ന് 1,436 ഡോളറായി ഉയർന്നു. ഇതിനുപുറമെ, അർഹരായവർക്ക് ഫെഡറൽ കാനഡ ഡിസെബിലിറ്റി ബെനിഫിറ്റിലൂടെ പ്രതിമാസം 204.20 ഡോളർ വരെ ലഭിക്കും. ഈ തുക ODSP വരുമാനമായി കണക്കാക്കാത്തതിനാൽ പ്രതിമാസം ആകെ 1,640.20 ഡോളർ വരെ സഹായം ലഭിക്കാം.








