വേമ്പനാട്ട് കായലിന് കുറുകെ വിഭാവനം ചെയ്ത കുമ്പളം– തേവര പാലം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഡിസംബർ 6-ന് തുടക്കമാകും. കൊച്ചി നഗരത്തിലേക്കും തെക്കൻ മേഖലയിലേക്കുമുള്ള യാത്രാക്ലേശം പരിഹരിക്കാനും സമയം ഗണ്യമായി ലാഭിക്കാനും സഹായിക്കുന്ന ഈ പദ്ധതി ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. 2016 ഒക്ടോബർ 31-ന് 100 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും, പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി 2021-ൽ മാറ്റിവച്ച പദ്ധതിയാണ് നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിനും കടമ്പകൾക്കും ശേഷം ദേശീയ ജലപാത-3ന് കുറുകെ യാഥാർഥ്യമാകുന്നത്. ഡിസംബർ 6-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർമാണോദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിക്കും. ഉദ്ഘാടന പ്രഖ്യാപനത്തോടൊപ്പം തന്നെ പൈലിങ് ജോലികൾക്കും തുടക്കമാകും. ചടങ്ങുകൾ ഗംഭീരമാക്കുന്നതിനായി കുമ്പളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
714.80 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലുമായി 1.575 മീറ്റർ വീതിയിൽ നടപ്പാതകളും നിർമിക്കുന്നുണ്ട്. 126 പൈലുകളും 24 സ്പാനുകളുമുള്ള പാലത്തിന്റെ തൂണുകൾ തമ്മിൽ 50.20 മീറ്റർ അകലവും ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരവുമാണുള്ളത്. ദേശീയ ജലപാത-3 കടന്നുപോകുന്ന ഭാഗത്ത് ബാർജുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള ഉയരവും, ഈ ഭാഗത്ത് രണ്ട് ബോ-സ്ട്രിങ് ആർച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായി ചെറിയ വളവുകളുള്ള പാലത്തിന് ഇരുവശങ്ങളിലും 40 മീറ്റർ സർവീസ് റോഡ് ഉൾപ്പെടെയുള്ള അപ്രോച്ച് റോഡുകളും ഉണ്ടാകും. കൂടാതെ, കുമ്പളം ഭാഗത്ത് വാട്ടർ മെട്രോ പാർക്കിങ് ഏരിയയിൽ നിന്ന് ടെർമിനലിലേക്ക് പ്രവേശിക്കാൻ 2.50 മീറ്റർ ഉയരത്തിലുള്ള അണ്ടർപാസും സജ്ജമാക്കുന്നുണ്ട്.
77.09 കോടി രൂപയാണ് പാലം നിർമാണത്തിന്റെ കരാർ തുക. കൊച്ചി ആസ്ഥാനമായുള്ള സൂര്യ കൺസ്ട്രക്ഷൻസിനാണ് നിർമാണച്ചുമതല. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി കുമ്പളം, എളംകുളം വില്ലേജുകളിൽ നിന്നായി 30 സെന്റ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെആർഎഫ്ബി) പദ്ധതിയുടെ മേൽനോട്ടവും നിർവഹണ ചുമതലയും.








