അരിസോന : അമേരിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്രാൻഡ് കാന്യനിൽ കാണാതായ ചെറുവിമാനം തകർന്നുവീണ നിലയിൽ കണ്ടെത്തി. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചതായി നാഷണൽ പാർക്ക് സർവീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച രാത്രി 11.30ഓടെയാണ് പൈപ്പർ കോമാഞ്ചെ വിഭാഗത്തിൽപ്പെട്ട ചെറുവിമാനത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കുന്നില്ലെന്ന റിപ്പോർട്ട് അധികൃതർക്ക് ലഭിച്ചത്. ഗ്രാൻഡ് കാന്യന്‍റെ വടക്കൻ മേഖലയിലെ ബേസിൻ എന്ന ഉയർന്ന പ്രദേശത്തിന് സമീപമായിരുന്നു വിമാനത്തിന്‍റെ അവസാന ലൊക്കേഷൻ രേഖപ്പെടുത്തിയിരുന്നത്.
തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചു. ഇൻഫ്രാറെഡ്, നൈറ്റ് വിഷൻ സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. അരിസോന പൊതുസുരക്ഷാ വകുപ്പ്, എയർഫോഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെന്‍റർ, കൊക്കോണിനോ, കെയ്ൻ കൗണ്ടികളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിനൊടുവിൽ തിങ്കളാഴ്ച രാവിലെ 10.15ഓടെ ബേസിൻ മേഖലയിൽ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് 7.15ഓടെയാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍റെ പ്രാഥമിക വിവരം. അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.








