ഓട്ടവ : കാനഡയിലുടനീളം ഫ്ലൂ കേസുകൾ വർധിച്ചുവരുന്നതായി ഹെൽത്ത് കാനഡ (Health Canada) അറിയിച്ചു. വരും ആഴ്ചകളിലും ഈ പ്രവണത തുടരുമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, പ്രിൻസ് എഡ്വേഡ് ഐലൻഡ്, യൂകോൺ എന്നിവയുൾപ്പെടെയുള്ള പല പ്രവിശ്യകളിലും പനി ബാധിതരുടെ എണ്ണം അനുദിനം ഉയരുകയാണെന്നും ഫെഡറൽ ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. നവംബറിലെ ആദ്യ ആഴ്ചയിൽ നാലായിരത്തി ഇരുന്നൂറിലധികം ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പനിബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആളുകൾ വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആർഗ്യവകുപ്പ് നിർദ്ദേശിച്ചു.
രാജ്യത്ത് പ്രിൻസ് എഡ്വേഡ് ഐലൻഡിലാണ് ഏറ്റവും കൂടുതൽ ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രവിശ്യയിൽ ഇൻഫ്ലുവൻസ പരിശോധനയ്ക്ക് വിധേയരായവരിൽ 26.1 ശതമാനം മുതൽ 39.5 ശതമാനം വരെ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു.
65 വയസ്സും അതിൽ കൂടുതലുമുള്ളവരാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ദേശീയ പോസിറ്റിവിറ്റി നിരക്ക് 13.7 ശതമാനമാണ്. രാജ്യത്ത് കോവിഡ്-19 വ്യാപനം ക്രമേണ വർധിക്കുന്നുണ്ടെങ്കിലും അത് ഇപ്പോഴും ‘കുറഞ്ഞ’തും ‘സ്ഥിര’വുമായ നിലയിലാണ്. അതേസമയം, ആർ.എസ്.വി (RSV) ബാധ വളരെ കുറഞ്ഞ തോതിലാണ് തുടരുന്നത്.








