സൗത്ത് കരോളൈനയിലെ ലെക്സിംഗ്ടൺ കൗണ്ടിയിൽ 11 മാസം പ്രായമുള്ള കൊച്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുത്തി. അമ്മ പുറത്തുപോയപ്പോൾ പിതാവായ മൈക്കൽ കോമറിന്റെ കയ്യിലായിരുന്നു കുട്ടിയെ ഏൽപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് പിതാവിനെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച രാത്രിയോടെ മൈക്കലിനെ പിടികൂടി. എങ്കിലും കുഞ്ഞ് എവിടെയുണ്ടെന്ന കാര്യം ഇയാൾ പോലീസിനോട് വെളിപ്പെടുത്താൻ തയ്യാറായില്ല.
തുടർന്ന്, ചൊവ്വാഴ്ച രാവിലെ ഫയർഫോഴ്സും പോലീസും അടങ്ങുന്ന നൂറോളം വരുന്ന സംഘം വനമേഖലയിൽ ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. മൈക്കലിന്റെ അച്ഛന്റെ വീടിനടുത്തുള്ള കാട്ടിൽ പുതിയതായി മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ, അവിടെനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നു.
ഉടൻതന്നെ മണ്ണുമാറ്റി പരിശോധിച്ചപ്പോൾ നായയുടെ കൂട്ടിലാക്കി ടവൽ കൊണ്ട് പൊതിഞ്ഞ നിലയിൽ ഒരടിയോളം ആഴത്തിൽ കുഴിച്ചിട്ട കുഞ്ഞിനെ കണ്ടെത്തി. കൂട്ടിലെ ടവൽ മൂലം ലഭിച്ച ചെറിയ വായുസഞ്ചാരമാണ് ഏകദേശം 24 മണിക്കൂറോളം മണ്ണിനടിയിൽ കഴിഞ്ഞിട്ടും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തുണയായതെന്ന് അധികൃതർ വ്യക്തമാക്കി.







