ഓട്ടവ : യൂറോപ്പ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ സൈബർ ആക്രമണം നേരിട്ടതിന്റെ അടിസ്ഥാനത്തിൽ കാനഡയിലും സമാനമായ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, എസ്തോണിയ എന്നീ യൂറോപ്പ്യൻ രാജ്യങ്ങളിലാണ് തിങ്കളാഴ്ച സൈബർ ആക്രമണം നേരിട്ടത്. ഫ്രീസറുകളുടെയും ഫ്രിഡ്ജുകളുടെയും താപനില വർധിപ്പിച്ചതിനെത്തുടർന്നു വൻതോതിൽ ഭക്ഷണസാധനങ്ങൾ നശിച്ചു. കഴിഞ്ഞ മാസം ഫ്രാൻസിലെ നൂറുകണക്കിനു സൂപ്പർമാർക്കറ്റുകളിലും വ്യാപാരശാലകളിലും ഹാക്കർമാർ സമാനമായ ആക്രമണം നടത്തിയിരുന്നു.
കാനഡയിൽ സമാനമായ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ചില കനേഡിയൻ സ്റ്റോറുകൾക്കും ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധനായ റിതേഷ് കോട്ടക് മുന്നറിയിപ്പ് നൽകി. ഹാക്ക് ചെയ്യപ്പെട്ട സംവിധാനങ്ങളിൽ പലതും ഡാനിഷ് കമ്പനിയായ ‘ഡാൻഫോസ്’ (Danfoss) നിർമ്മിച്ചതാണ്. ഈ കമ്പനിയുടെ ഉൽപ്പന്നങ്ങൾ കാനഡയിലും വിൽക്കപ്പെടുന്നുണ്ട്. എന്നാൽ, കാനഡയിലെ ഏതൊക്കെ സൂപ്പർമാർക്കറ്റുകളാണ് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.
കാനഡയിൽ മറ്റ് പലതരം ഉപകരണങ്ങളിലും ഹാക്കർമാർ കൃത്രിമം കാണിച്ച സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് റിതേഷ് കോട്ടക് പറയുന്നു. കഴിഞ്ഞ വർഷം, ‘കനേഡിയൻ സെന്‍റർ ഫോർ സൈബർ സെക്യൂരിറ്റി’ (Canadian Center for Cyber Security) സൈബർ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.







