വ്യാജ വീസ അപേക്ഷകൾ തടയുന്നതിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വീസ നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കി ഓസ്ട്രേലിയ. ഇന്ത്യ ഉൾപ്പെടെയുള്ള അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ബയോമെട്രിക് (വിരലടയാളവും ഫേഷ്യൽ സ്കാനും) പരിശോധന നിർബന്ധമാക്കിയതായി ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചു. വ്യാജ വീസ അപേക്ഷകൾ തടയുന്നതിനും ഐഡൻ്റിറ്റി കൃത്യത ഉറപ്പുവരുത്തുന്നതിനുമായുള്ള ഈ നടപടി പ്രാബല്യത്തിൽ വന്നതിൽ അധികൃതർ അറിയിച്ചു. പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപ് അപേക്ഷിച്ചവർക്കും നിലവിൽ വീസയുള്ളവർക്കും ഈ നടപടികൾ ബാധകമായിരിക്കില്ല.
വീസ അപേക്ഷ നൽകിയ ഉടൻ എല്ലാവരും നേരിട്ട് കേന്ദ്രങ്ങളിൽ പോകേണ്ടതില്ല. ഓസ്ട്രേലിയൻ ഹോം അഫയേഴ്‌സ് വകുപ്പിൽ നിന്ന് ഇമെയിൽ വഴി നിർദേശം ലഭിക്കുന്നവർമാത്രം ബയോമെട്രിക് നൽകിയാൽ മതിയാകും. അറിയിപ്പ് ലഭിക്കുന്ന അപേക്ഷകർ ഇന്ത്യയിലെ 16 വി.എഫ്.എസ് ഗ്ലോബൽ കേന്ദ്രങ്ങളിലെത്തി വിവരങ്ങൾ കൈമാറണം. യോഗ്യതയുള്ളവർക്ക് ‘Australian Immi App’ വഴിയും ഡിജിറ്റലായി ബയോമെട്രിക് സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന അറിയിപ്പുകൾ കാണാതെ പോകരുത്. കൃത്യസമയത്ത് ബയോമെട്രിക് വിവരങ്ങൾ നൽകിയാൽ വീസ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം.







