കെബെക്കിൽ ഹാലോവീൻ ആഘോഷവുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നുകളും കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സെൻ്റർ-ഡു-കെബെക്ക് (Centre-du-Québec) മേഖലയിലെ ഡ്രമ്മണ്ട്വില്ലയിലും, ഷോഡിയർ-അപ്പലാച്ചെസ് (Chaudière-Appalaches) മേഖലയിലെ സെൻ്റ്-മാർസെലിലുമാണ് സംഭവം. രണ്ടു പരാതികൾ ലഭിച്ചതായി പ്രവിശ്യാ പൊലീസ് സേനയായ ‘സ്യൂറെറ്റെ ഡു കെബെക്ക്’ അറിയിച്ചു.
ആദ്യ സംഭവത്തിൽ ഒരു ചോക്ലേറ്റ് കഷണത്തിനുള്ളിൽ സൂചിയും, രണ്ടാമത്തെ സംഭവത്തിൽ മറ്റൊരു ചോക്ലേറ്റ് കഷണത്തിനുള്ളിൽ ലോഹപ്പിന്നും കണ്ടെത്തുകയായിരുന്നു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. സമാനമായ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കുട്ടികൾക്ക് ലഭിച്ച ചോക്ലേറ്റുകളും മിഠായികളും മാതാപിതാക്കൾ പരിശോധിക്കണമെന്നും, നേരത്തെ തുറന്നതായി തോന്നുന്ന മിഠായികളോ ചോക്ലേറ്റുകളോ കണ്ടെത്തിയാൽ അവ ഉപേക്ഷിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.







