യുഎസില്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവ് അറസ്റ്റിൽ. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ന്യൂജഴ്സിയിലെ നെവാര്‍ക്കിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ലാസ് വേഗസ് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തില്‍ 150 യാത്രക്കാരുണ്ടായിരുന്നുവെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. സുരക്ഷാ ആശങ്ക പരിഹരിക്കുന്നതിനായി വിമാനം ലാസ് വേഗസിലേക്ക് സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നുവെന്ന് കമ്പനി അറിയിച്ചു. വിമാനം പിന്നീട് ഞായറാഴ്ച രാവിലെയാണ് നെവാര്‍ക്കിലേക്കുള്ള യാത്ര പുനരാരംഭിച്ചത്.
വിമാനം പിടിച്ചെടുത്ത് ഇടിച്ചിറക്കുമെന്നു പ്രതി സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ സന്ദേശം എങ്ങനെയാണ് കൈമാറിയതെന്നോ ആര്‍ക്കാണ് അയച്ചതെന്നോ വ്യക്തമല്ല. വിമാനത്തില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ലാസ് വേഗസ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനുമാണ് 25 വയസ്സുള്ള പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതര്‍ അറിയിച്ചു.







