2013-ൽ നടന്ന ആദ്യ മിസ്റ്റർ ചൈനാടൗൺ ഫിലിപ്പീൻസ് സൗന്ദര്യമത്സരത്തിൽ വിജയിച്ച് ശ്രദ്ധേയനായ ഫിലിപ്പിനോ-ചൈനീസ് മോഡലും നടനുമായ റാൻഡി സീ, മനിലയിലുണ്ടായ കാറപകടത്തെ തുടർന്ന് 34-ാം വയസ്സിൽ അന്തരിച്ചു. ഒക്ടോബർ 17-ന് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ആഷെല്ലിയാണ് മരണവാർത്ത പുറത്തുവിട്ടത്. അദ്ദേഹത്തെ പിന്തുണയ്ക്കുകയും ഓർക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും അവർ നന്ദി അറിയിച്ചു. റാൻഡി സീയെ സ്നേഹിച്ചവരുടെ ഓർമ്മകളിലും ഹൃദയങ്ങളിലും അദ്ദേഹം എന്നും ജീവിക്കുമെന്നും ഭാര്യ കുറിച്ചു.
റാൻഡി മോർട്ടൺ സീ കെയ്ൽസ് എന്ന പൂർണ്ണനാമമുള്ള റാൻഡി സീ, ഒക്ടോബർ 22-ന് തന്റെ 35-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ്, അഞ്ച് ദിവസം മുമ്പ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. 2013 ലെ ആദ്യ മിസ്റ്റർ ആൻഡ് മിസ് ചൈനാടൗൺ ഫിലിപ്പീൻസ് മത്സരത്തിലെ വിജയം അദ്ദേഹത്തിന്റെ വിനോദരംഗത്തെ കരിയറിന് തുടക്കമിടുകയും മോഡലിംഗ്, അഭിനയം, ടെലിവിഷൻ അവതരണം എന്നിവയിൽ നിരവധി അവസരങ്ങൾ തുറന്നു നൽകുകയും ചെയ്തു.
തുടർന്ന് സ്റ്റാർ സിനിമയുടെ ‘ഫെങ് ഷൂയി 2’ (2014), ‘ബ്യൂട്ടി ആൻഡ് ദി ബെസ്റ്റി’ (2015) എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ‘ഓ ഷോപ്പിംഗ്’ (O Shopping) എന്ന ഹോം ഷോപ്പിംഗ് നെറ്റ്‌വർക്കിൽ അവതാരകനായി പ്രവർത്തിച്ച അദ്ദേഹം നിരവധി ഫേഷൻ ഷോകളിലും പരസ്യ പ്രചാരണങ്ങളിലും ബ്രാൻഡ് അംബാസഡറായും പങ്കെടുത്തു. സൗന്ദര്യമത്സര പട്ടത്തിനപ്പുറം, പ്രാദേശിക ഫേഷൻ-വിനോദ ലോകത്ത് സജീവ സാന്നിധ്യമായി മാറിയ അദ്ദേഹം വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടി.
അദ്ദേഹത്തിന്റെ വേർപാടിൽ സൗന്ദര്യമത്സര, മോഡലിംഗ്, സിനിമാ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഭൗതികശരീരത്തിലെ പൊതുദർശനം ഒക്ടോബർ 17 മുതൽ 19 വരെ മനിലയിൽ നടന്നു. സംസ്കാര ചടങ്ങുകൾ (Inurnment) ഒക്ടോബർ 20-ന് നിശ്ചയിച്ചിട്ടുണ്ട്.







